കുണ്ടറ: ഇളമ്പള്ളൂർ - പുന്നമുക്ക് റോഡിൽ കൊല്ലം - തിരുമംഗലം ദേശീയ പാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെത്തുന്ന യാത്രക്കാർ ഇവിടെ സ്ഥാപിച്ചിരിക്കുന്ന ദിശാസൂചക ബോർഡ് നോക്കിയാൽ വഴിതെറ്റിയത് തന്നെ. റോഡിന്റെ പുനർനിർമ്മാണത്തിന് ശേഷം പൊതുമരാമത്ത് വകുപ്പ് സ്ഥാപിച്ച ബോർഡാണ് യാത്രക്കാരെ കുഴയ്ക്കുന്നത്.
ഇളമ്പള്ളൂർ ക്ഷേത്രത്തിന് പിന്നിൽ കോവിൽമുക്കിലേക്കും ദേശീയപാതയിലേക്കും വഴി തിരിയുന്നതിന് മുമ്പാണ് തെറ്റായ വഴി രേഖപ്പെടുത്തി ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. ദേശീയപാതയിലേക്ക് കയറി ഇടത്തേക്ക് തിരിഞ്ഞാൽ കൊല്ലത്തേക്ക് പോകാമെന്നിരിക്കെ വലത്തേക്ക് കൊട്ടാരക്കര ഭാഗത്തേക്കാണ് കൊല്ലത്തേക്കുള്ള വഴി സൂചിപ്പിച്ചിരിക്കുന്നത്. തൊട്ടുമുകളിൽ കേരളപുരം എന്നതിന് താഴെ ശരിയായ ദിശാസൂചകമാണുള്ളത്. ഇതേദിശയിൽ തന്നെയാണ് കൊല്ലത്തേക്കുള്ള സൂചകവും വരേണ്ടത്. അതേസമയം വലത്തേക്ക് തിരിഞ്ഞ് കൊട്ടാരക്കരയിലേക്ക് പോകാമെന്നുള്ളത് ബോർഡിൽ ഇല്ലതാനും.
കാലങ്ങളായി തകർന്നുകിടന്ന പുന്നമുക്ക് ഇളമ്പള്ളൂർ റോഡ് വീതി കൂട്ടി ടാർ ചെയ്തിരുന്നു. ഇതിന് ശേഷമാണ് ദിശാസൂചക ബോർഡ് സ്ഥാപിച്ചത്. ബോർഡ് യാത്രക്കാരെ വഴിതെറ്റിക്കുന്നതാണെന്ന് വ്യക്തമായിട്ടും ഇത് മാറ്റുന്നതിന് അധികൃതർ ഇതുവരെ നടപടിയെടുത്തിട്ടില്ല.