kottiyam
കൊട്ടിയം ജംഗ്ഷനിലെ നടപ്പാത കൈയേറി ഓട്ടോറിക്ഷകൾ പാർക്ക് ചെയ്തിരിക്കുന്നു

കൊല്ലം: കൊട്ടിയം ജംഗ്ഷനിൽ കാൽനടയാത്രയ്ക്ക് ഇടം നൽകാതെ നടപ്പാതകൾ പൂർണമായും ഓട്ടോ ടാക്സി സ്റ്റാൻഡുകൾ കൈയേറി. റോഡാണ് ഇപ്പോൾ കാൽനടയാത്രക്കാരുടെ ആശ്രയം.

തിരുവനന്തപുരം ഭാഗത്തേക്കുള്ള ഡിവൈഡർ ആരംഭിക്കുന്നത് മുതൽ ദേശീയപാതയുടെ ഇടതുവശം പൂർണമായും സ്വകാര്യ വാഹനങ്ങൾ കൈയടക്കിയിരിക്കുകയാണ്. ജംഗ്ഷന്റെ ഹൃദയഭാഗത്തെത്തുമ്പോൾ പിന്നെ ഓട്ടോ സ്റ്റാൻഡാണ്. മറുവശത്തും സമാനമായ അവസ്ഥയാണ്. ചിറ ഗ്രൗണ്ടിന്റെ മുൻഭാഗം മുതൽ ചന്ത വരെ ടെമ്പോ, ടാക്സി സ്റ്റാൻഡുകളാണ്. പിന്നീട് അങ്ങോട്ട് ഹോളിക്രോസ് സ്റ്റാൻഡിലേക്ക് തിരിയുന്നിടം വരെ ഓട്ടോ സ്റ്റാൻഡും. ചിലപ്പോൾ മയ്യനാട് റോഡിലേക്ക് തിരിയുന്നിടം വരെയും ഓട്ടോറിക്ഷകളുടെ നിര നീളും. കണ്ണനല്ലൂർ റോഡിലും ബസ് സ്റ്റോപ്പ് കഴിഞ്ഞാൽ റോഡ് വക്ക് ഓട്ടോ, ടെമ്പോ സ്റ്റാൻഡുകൾ കീഴടക്കിയിരിക്കുകയാണ്.

ഓട്ടോറിക്ഷകൾക്കും കാറുകൾക്കും ഇടയിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിലൂടെയാണ് കാൽനടയാത്രക്കാർ സഞ്ചരിക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ സ്വകാര്യ വാഹനങ്ങളും ഈ സ്ഥലങ്ങളിൽ നിറയുന്നതോടെ ജംഗ്ഷനിൽ ഒരുചുവട് പോലും പ്രയാസമാകും. ഈ സമയങ്ങളിൽ കാൽനടയാത്രക്കാരും ഓട്ടോ, ടാക്സി ഡ്രൈവർമാരും തമ്മിൽ വാക്കുതർക്കം ഇവിടെ പതിവാണ്. തിരക്കേറിയ സമയങ്ങളിൽ യാത്രക്കാരെ വേഗം കിട്ടാൻ ജംഗ്ഷനിലെ കുപ്പിക്കഴുത്തായ മയ്യനാട് റോഡിലും ഓട്ടോറിക്ഷ നിരക്കുന്നത് ഗതാഗത കുരുക്കിന് ഇടയാക്കുന്നു. കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ ജംഗ്ഷനിലെ ഓട്ടോ, ടാക്സി സ്റ്റാൻഡുകൾ പുനഃക്രമീകരിക്കണമെന്ന് നാട്ടുകാർ കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും പൊലീസും തദ്ദേശ സ്ഥാപനങ്ങളും തയ്യാറാകുന്നില്ല.