നാല് മത്സ്യത്തൊഴിലാളികളെയും കരയ്ക്കെത്തിച്ചു
കൊല്ലം: നാല് മത്സ്യത്തൊഴിലാളികളുമായി ശക്തികുളങ്ങരയിൽ നിന്ന് കാണാതായ സ്നേഹിതൻ എന്ന ബോട്ട് കണ്ടെത്തി. ബോട്ടിന്റെ പ്രൊപ്പല്ലറിൽ വല കുരുങ്ങിയതിനെ തുടർന്ന് ഞായറാഴ്ച പുലർച്ചെ നിയന്ത്രണം നഷ്ടമായി തിരയിൽപ്പെട്ട ബോട്ടിനെ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ തോട്ടപ്പള്ളിയിൽ നിന്ന് 12 നോട്ടിക്കൽ മൈൽ അകലെയാണ് കണ്ടെത്തിയത്. രാത്രി ഏഴ് മണിയോടെ കൊല്ലം പോർട്ടിലെത്തിച്ച തൊഴിലാളികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെ പരവൂരിൽ നിന്ന് 15 നോട്ടിക്കൽ മൈൽ അകലെ ബോട്ട് ഒഴുകി നടക്കുന്നതായി മറ്റൊരു ബോട്ടിലെ തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കോസ്റ്റൽ പൊലീസിന്റെയും മറൈൻ എൻഫോഴ്സ്‌മെന്റിയും ബോട്ടുകൾ ഈ ഭാഗത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതിനിടയിൽ നാവികസേനയുടെ ഹെലികോപ്ടറും തിരച്ചിൽ നടത്തുന്നതിനിടെയാണ് നീണ്ടകരയിൽ നിന്നുള്ള പത്ത് കൽപനകൾ എന്ന ഇൻ ബോർഡ് ബോട്ടിലെ തൊഴിലാളികൾ സ്നേഹിതനെ തോട്ടപ്പള്ളിയിൽ നിന്ന് 12 നോട്ടിക്കൽ മൈൽ അകലെ ഒഴുകി നടക്കുന്നതായി കണ്ടത്.
ബോട്ട് കെട്ടിവലിക്കാൻ കഴിയാത്തതിനാൽ നാല് തൊഴിലാളികളെയും ഇൻ ബോർഡ് ബോട്ടിൽ കയറ്റി കരയ്ക്കെത്തിക്കുകയായിരുന്നു. ഭക്ഷണം കഴിക്കാത്തതിന്റെ അവശതകളൊഴിച്ച് മത്സ്യത്തൊഴിലാളികൾക്ക് കാര്യമായ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല.
സംഭവം ഇങ്ങനെ..................
ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സ്നേഹിതൻ മത്സ്യബന്ധനത്തിനായി പുറപ്പെട്ടു
ബോട്ടിലുണ്ടായിരുന്നത് കരുനാഗപ്പള്ളി വലിയകുറ്റിവട്ടം സ്വദേശികളായ മുജീബ്, മജീദ്, നീണ്ടകര സ്വദേശികളായ സാബു, യേശുദാസൻ എന്നിവർ
സ്രാങ്കായ മുജീബിനെ ശനിയാഴ്ച രാത്രി 9.30 ന് മകൻ വിളിച്ചപ്പോൾ തങ്ങൾ പരവൂർ ഭാഗത്തുണ്ടെന്ന് അറിയിച്ചു
ഞായറാഴ്ച പുലർച്ചെ 1.30 ന് മുജീബ് മകനെ വിളിച്ച് തങ്ങൾ തങ്കശ്ശേരി ഭാഗത്തുണ്ടെന്നും ബോട്ടിൽ വല കുരുങ്ങിയതായും പറഞ്ഞു.
അര മണിക്കൂറിന് ശേഷം മുജീബ് വീണ്ടും വിളിച്ച് ബോട്ടിന്റെ നിയന്ത്രണം നഷ്ടമായി പടിഞ്ഞാറോട്ട് ഒഴുകുകയാണെന്നും അപ്പോൾ 23 കാതം അകലെയാണെന്നുമാണ് പറഞ്ഞത്
പിന്നീട് ബോട്ടിൽ നിന്നുള്ള വിവരം ലഭിച്ചില്ല
മകൻ പലതവണ വിളിച്ചെങ്കിലും കിട്ടിയില്ല.
ബോട്ടിലെ വയർലസുമായുള്ള ആശയവിനിമയ ബന്ധവും നഷ്ടമായി.
തൊഴിലാളികളുടെ മൊബൈൽ ഫോണുകളും ചാർജ്ജ് തീർന്ന് ഓഫായി.
തുടർന്ന് കോസ്റ്റ് ഗാർഡും മറൈൻ എൻഫോഴ്സ്‌മെന്റും തിരച്ചിൽ തുടങ്ങി.