പുനലൂർ: നഗരസഭാ അധികൃതർ വഴി നിർമ്മിച്ച് നൽകണമെന്നാവശ്യപ്പെട്ട് ഓട്ടിസം ബാധിച്ച കുട്ടിയുമായി മാതാവ് നഗരസഭാ ഓഫീസ് പടിക്കൽ സത്യാഗ്രഹം ആരംഭിച്ചു. പുനലൂർ നഗരസഭയിലെ കക്കോട് വാർഡിലെ താമസക്കാരിയായ വിഷ്ണു ഭവനിൽ ലളിതാംബികയും മകൻ മനോജുമാണ് നഗരസഭാ ഓഫീസ് പടിക്കൽ സത്യാഗ്രഹമിരിക്കുന്നത്. കഴിഞ്ഞ നാലുവർഷമായി കുടുംബം ഇവിടെയാണ് താമസിക്കുന്നത് . വഴി നിർമ്മിച്ച് നൽകണമെന്നാവശ്യപ്പെട്ട് നിരവധി തവണ നഗരസഭാ ഓഫീസിൽ കയറിയിറങ്ങിയിട്ടും അധികൃതർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് ലളിതാംബികയും മകനും ഓഫീസ് പടിക്കൽ സത്യാഗ്രഹം ആരംഭിച്ചത്. രണ്ടു മക്കളാണ് ലളിതാംബികയ്ക്കുള്ളത്. ആറാം ക്ലാസുകാരനായ ഇളയമകനും ഹൃദയ സംബന്ധമായ അസുഖത്തിൽ ചികിത്സയിലാണ്. ലളിതാംബികയുടെ അവസ്ഥ കണ്ട സമീപവാസികളായ 8 താമസക്കാർ വഴി നിർമ്മിക്കുന്നതിന് സമ്മതപത്രം നൽകിയിട്ടുണ്ട്. സഞ്ചാരയോഗ്യമായ വഴി നിർമ്മിച്ചു നൽകുന്നത് വരെ സത്യാഗ്രഹം തുടരുമെന്ന് ലളിതാംബിക പറയുന്നു.
സമരത്തെ തുടർന്ന് ഇവരുടെ വീട്ടിലേക്കുള്ള വഴിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കാൻ നഗരസഭാ എൻജിനിയറുടെ നേതൃത്വത്തിലുള്ള സംഘത്തെ നഗരസഭാ ചെയർമാൻ കെ. രാജശേഖരൻ ചുമതലപ്പെടുത്തി. വഴി നിർമാണത്തിനുള്ള പ്രാഥമിക നടപടികൾ തുടങ്ങിയതായും നഗരസഭാദ്ധ്യക്ഷൻ അറിയിച്ചു. നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് ഒന്നര ലക്ഷം രൂപ ഉടൻ അനുവദിച്ചു റോഡിന്റെ നിർമ്മാണ ജോലികൾ ആരംഭിക്കാൻ ചെയർമാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകി.