black-wine

കൊല്ലം: ക്രിസ്മസ്, പുതുവത്സര വിപണി ലക്ഷ്യമിട്ട് നിർമ്മിച്ച 400 കുപ്പി വ്യാജ വൈൻ എക്സൈസ് പിടിച്ചെടുത്തു. ഇരവിപുരം ക്ലാര കോട്ടേജിൽ ജസ്റ്റിനാക്കിന്റെ (67) വീട്ടിൽ നിന്നാണ് വൈൻ പിടിച്ചെടുത്തത്. മുന്തരി ജ്യൂസ്- നോൺ അൽക്കഹോളിക് എന്ന പേരിട്ടാണ് കുപ്പികളിൽ വൈൻ നിറച്ചിരുന്നത്. ഉല്പാദകന്റെ വ്യാജ മേൽവിലാസമാണ് ലേബലിൽ പതിച്ചിരുന്നത്. വില്പനയ്ക്കായി കടകളിൽ എത്തിക്കുമ്പോൾ വ്യാപാരികളെ കബിളിപ്പിക്കാനായി വ്യാജ കെമിക്കൽ പരിശോധന റിപ്പോർട്ട് കാണിച്ചിരുന്നതായും സംശയമുണ്ട്.

എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ ഐ. നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജസ്റ്റിനാക്കിന്റെ വീട്ടിൽ പരിശോധന നടത്തി വൈൻ പിടിച്ചെടുത്ത്. ജസ്റ്റിനാക്കിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. പ്രിവന്റീവ് ഓഫീസർ എ.രാജു. സിവിൽ എക്‌സൈസ് ഓഫീസർമാരായ എവേഴ്‌സൺ ലാസർ, അനീഷ്, ദിലീപ് കുമാർ, രാഹുൽ രാജ്, നന്ദകുമാർ, സിദ്ദു, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എസ്. സൂര്യ എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.