പരവൂർ: ഗാർഹിക ജൈവമാലിന്യം സംസ്‌കരിച്ച് വളമാക്കി മാറ്റാനുള്ള പദ്ധതിയുമായി പൂതക്കുളം ഗ്രാമപഞ്ചായത്ത്. ആദ്യഘട്ടമായി ആയിരം വീടുകളിൽ ബയോബിന്നുകൾ സ്ഥാപിക്കും. ജൈവമാലിന്യം സ്വന്തം വീട്ടുമുറ്റത്ത് തന്നെ സംസ്കരിക്കുന്നതാണ് പദ്ധതി. ആയിരത്തി എണ്ണൂറ് രൂപ വിലയുള്ള ബയോബിൻ 180 രൂപ ഗുണഭോക്തൃ വിഹിതമായി ഈടാക്കി പഞ്ചായത്ത് വിതരണം ചെയ്യും.
ബയോബിന്നുകളുടെ വിതരണവും പൂതക്കുളം ഗ്രാമപഞ്ചായത്ത് 5-ാം വാർഡ് സമ്പൂർണ ശുചിത്വ വാർഡായി പ്രഖ്യാപിക്കുന്നതും പൂതക്കുളം സർവീസ് സഹകരണ ബാങ്കിൽ നടന്ന ചടങ്ങിൽ ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ ഉപാദ്ധ്യക്ഷൻ ഡോ. ടി.എൻ. സീമ മുഖ്യപ്രഭാഷണം നടത്തി.
വൈസ് പ്രഡിഡന്റ് വി.ജി. ജയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാന്മാരായ വി. ജോയ്, അശോകൻ പിള്ള, ശ്രീരശ്മി, ഇത്തിക്കര ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.എസ്. ലീ, ബ്ലോക്ക് മെമ്പർ ആശാദേവി, ഐസക്, പൂതക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി വി.ജി. ഷീജ എന്നിവർ സംസാരിച്ചു. ലളിതൻ ബയോബിൻ ഉപയോഗം വിശദീകരിച്ചു.