കൊല്ലം: കല്ലട, ഇത്തിക്കര,പള്ളിക്കൽ, അച്ചൻകോവിലാറുകൾ, അഷ്ടമുടിക്കായൽ എന്നിവയുടെ സംരക്ഷണത്തിന് സി.പി.എം നേതൃത്വത്തിൽ കർമ്മപദ്ധതി നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി ഇവ കടന്നുപോകുന്ന പ്രദേശങ്ങളിലെ നാല് മേഖലകളിലായി ജനപ്രതിനിധികളും വിവിധ സംഘടനാ ഭാരവാഹികളും പങ്കെടുക്കുന്ന ആലോചനാ യോഗങ്ങൾ ചേരുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ അറിയിച്ചു.
കല്ലടയാർ സംരക്ഷണത്തിനുള്ള പ്രായോഗിക പ്രവർത്തനങ്ങൾക്കായി കല്ലടയാറിനെ സ്‌നേഹിക്കുന്ന എല്ലാ വിഭാഗം ആളുകളുടെയും യോഗം 16ന് തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് പുനലൂർ പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേരും.
ജില്ലയിലെ പ്രധാന ജലസ്രോതസുകൾ കല്ലടയാറും, ഇത്തിക്കരയാറും, ശാസ്താംകോട്ട, അഷ്ടമുടി, ഇടവ-നടയറ എന്നീ മൂന്നു കായലുകളുമാണ്. അച്ചൻകോവിലാർ ജില്ലയിലാണ് ഉത്ഭവിക്കുന്നതെങ്കിലും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലൂടെ ഒഴുകുന്നു. സഹ്യമലനിരകളിൽ നിന്നുത്ഭവിക്കുന്ന കുളത്തൂപ്പുഴയാറും, കഴുതുരുട്ടിയാറും, ചെന്തരുണിയാറും സംഗമിക്കുന്നതാണ് കല്ലടയാർ. പൊങ്ങുമലയാർ, ഗിരികലയാർ, ശങ്കലിപ്പലയാർ എന്നീ നദികൾ ചേർന്നാണ് കുളത്തൂപ്പുഴയാറുണ്ടാകുന്നത്. ഇവ താഴേക്കൊഴുകി പരപ്പാർ എന്ന സ്ഥലത്ത് കഴുതുരുട്ടിയാറുമായി സംഗമിച്ചാണ് കല്ലടയാർ രൂപം കൊള്ളുന്നത്. 121 കിലോമീറ്റർ നീളമുള്ള കല്ലടയാർ മുഖ്യമായും പത്തനാപുരം, കൊട്ടാരക്കര, കൊല്ലം താലൂക്കുകളിലൂടെ ഒഴുകി അഷ്ടമുടിക്കായലിൽ ചേരുന്നു. ഇത്തിക്കര നദിയ്ക്ക് 260 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള നീർമറി പ്രദേശവും 56 കിലോമീറ്റർ നീളവുമുണ്ട്. പരവൂർ കായലിൽ ചെന്നുചേരുന്ന നദിയുടെ കുറെഭാഗം കൊട്ടാരക്കര, പത്തനാപുരം, കൊല്ലം താലൂക്കുകളിലാണ്.
ഈ ജലസ്രോതസ്സുകളുടെ സംരക്ഷണം വൻജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനുള്ള കർമ്മ പദ്ധതിയ്ക്കാണ് സി.പി.എം രൂപം നൽകുന്നത്.