photo
നെടുമൺകാവ് കുടിക്കോട് ശ്രീഗുരുദേവ സെൻട്രൽ സ്കൂളിലെ ഷെയർ ആൻഡ് കെയർ ക്ളബിന്റെ നേതൃത്വത്തിൽ നിർദ്ധന കുടുംബത്തിനായി നിർമ്മിച്ച വീട്

കൊട്ടാരക്കര: പഠനത്തിനൊപ്പം നാടിന് കാരുണ്യത്തിന്റെ സ്നേഹം പകർന്ന് നെടുമൺകാവ് കുടിക്കോട് ശ്രീ ഗുരുദേവ സെൻട്രൽ സ്‌കൂൾ. സ്കൂളിലെ ജീവകാരുണ്യ ക്കൂട്ടായ്മയായ ഷെയർ ആൻഡ് കെയർ ക്ളബിന്റെ നേതൃത്വത്തിൽ ഒരു നിർദ്ധന കുടുംബത്തിന് വീട് വെച്ച് നൽകി. കുടിക്കോട് എസ്.എസ് ഭവനിൽ സുഭാഷിന്റെ കുടുംബത്തിനാണ് ആറ് ലക്ഷം രൂപ ചെലവിൽ സ്നേഹഭവനം നിർമ്മിച്ചത്. കുട്ടികളും അദ്ധ്യാപകരും മാനേജ്മെന്റും കൈകോർത്തപ്പോഴാണ് കുടിക്കോട് ഗ്രാമത്തിലെ ഒരു കുടുംബത്തിന് വീടെന്ന സ്വപ്നം യാഥാർത്ഥ്യമായത്. വീടിന്റെ താക്കോൽദാനം 12 ന് വൈകിട്ട് 3ന് മന്ത്രി ജെ. മെഴ്‌സിക്കുട്ടിഅമ്മ നിർവഹിക്കുമെന്ന് സ്കൂൾ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി. ഐഷാപോറ്റി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കരീപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുൾ റഹ്മാൻ കെട്ടിടം നിർമ്മിച്ച കോൺട്രാക്ടർക്ക് ഉപഹാരം സമർപ്പിക്കും. സ്കൂൾ ചെയർമാൻ പി. സുന്ദരൻ, ജില്ലാ പഞ്ചായത്തംഗം സി.പി. പ്രദീപ്, വാർഡ് മെമ്പർമാരായ ആർ. ഗിരീഷ്, ബി. രമാദേവി, ബി. പ്രദീപ്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഡോ. പി.സി. സലീം, പി.ടി.എ പ്രസിഡന്റ് ബിജി പ്രസാദ്, പ്രിൻസിപ്പൽ വി.എസ്. ശ്രീകുമാരി, ഷെയർ ആൻഡ് കെയർ ക്ളബ് കൺവീനർ കലാറാണി എന്നിവർ സംസാരിക്കും. സമ്മേളനത്തിന് മുന്നോടിയായി നെടുമൺകാവ് ധർമ്മശാസ്താ ക്ഷേത്രപരിസരത്ത് നിന്ന് സ്‌കൂളിലേക്ക് ഘോഷയാത്ര നടത്തും. വരുംകാലങ്ങളിൽ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്കാണ് ഷെയർ ആൻഡ് കെയർ കാൽവയ്ക്കുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ചെയർമാൻ പി. സുന്ദരൻ, പ്രിൻസിപ്പൽ വി.എസ്. ശ്രീകുമാരി, അഡ്മിനിസ്‌ട്രേറ്റർ ഡോ. പി.സി. സലീം, ക്ലബ് കൺവീനർ കലാറാണി എന്നിവർ പങ്കെടുത്തു.