c

കൊട്ടാരക്കര: തിന്മയുടെ മേൽ നന്മ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലായി നാടെങ്ങും ഭക്തിനിർഭരമായ ചടങ്ങുകളോടെ ഇന്ന് തൃക്കാർത്തിക ആഘോഷിക്കും. ദേവാലയങ്ങിലെ ചടങ്ങുകൾക്കു പുറമേ ഭക്ത ഹൃദയങ്ങളിലും ഭവനങ്ങളിലും നെയ് വിളക്കുകൾ തെളിച്ചാണ് തൃക്കാർത്തിക ആഘോഷിക്കുന്നത്. ഹിന്ദു ദേവാലയങ്ങളിൽ വിശേഷ പൂജകളും വിളക്കുകളും ദീപാലങ്കാരങ്ങളുമുണ്ടാകും. വയയ്ക്കൽ ദുർഗാദേവി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം 7ന് ആരംഭിച്ച് 10ന് കാർത്തിക വിളക്ക് ഘോഷയാത്രയോടെ സമാപിക്കും. ഇന്ന് ഉച്ചയ്ക്ക് 12ന് കാർത്തിക പുഴുക്ക്, വൈകിട്ട് 4ന് കാർത്തിക വിളക്ക് ഘോഷയാത്ര, രാത്രി 7.30ന് കളമെഴുത്തും പാട്ടും. 8ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മുൻ ഡി.ജി.പി ടി.പി. സെൻകുമാർ ഉദ്ഘാടനം ചെയ്യും. വയയ്ക്കൽ സോമൻ അദ്ധ്യക്ഷത വഹിക്കും. രാത്രി 9.30ന് തിരുവനന്തപുരം സ്റ്റാർ ബീറ്റ്സിന്റെ മെഗാഹിറ്റ് ഗാനമേള, 12ന് കൊല്ലം അസീസിയുടെ നാടകം. നെല്ലിക്കുന്നം തൃക്കല്ലമൺ ദേവീ ക്ഷേത്രത്തിലെ തൃക്കാ‌ർത്തിക മഹോത്സവം ഭക്തിനിർഭരമായ ചടങ്ങുകളോടെ നടക്കും. ഇന്ന് സാധാരണ പരിപാടികൾക്കു പുറമേ രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 630ന് നേർച്ച പൊങ്കൽ, 9.30ന് നിവേദ്യ സമർപ്പണം, 11.30ന് കാവിൽ നൂറും പാലും, വൈകിട്ട് 4ന് കെട്ടുകാഴ്ചകൾ, 5.30ന് മത പ്രഭാഷണം, 6ന് തൃക്കാർത്തിക ദീപക്കാഴ്ച , രാത്രി 7.30ന് നൃത്തസന്ധ്യ, 8ന് ഭഗവതി സേവ, 9.30ന് എഴുന്നള്ളത്തും വിളക്കും, 10.30ന് പത്തനംതിട്ട മുദ്ര യുടെ അർദ്ധാംഗന നൃത്ത നാടകം.

ആനക്കോട്ടൂർ മാടൻകാവ് കിരാതമൂർത്തി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവം 10ന് നടക്കും. പതിവ് പൂജകൾക്ക് പുറമേ ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 4ന് ഉത്സവ ഘോഷയാത്ര, 6ന് ദീപാരാധനയും തൃക്കാർത്തിക വിളക്കും,രാത്രി 9.30ന് തിരുവനന്തപുരം സംസ്കൃതിയുടെ നാടകം: ജീവിതപാഠം.