railway-cross-1
മെറ്റിൽ ഇളകി കിടക്കുന്ന ലെവൽ ക്രോസ് മറികടക്കുന്ന ഇരുചക്രവാഹനയാത്രക്കാർ

തൊടിയൂർ: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് തെക്ക് വശത്തെ രണ്ടു ലെവൽ ക്രോസുകൾ കടക്കാൻ പെടാപ്പാടു പെടുകയാണെന്ന് വാഹന യാത്രക്കാരുടെ പരാതി. ഇരുചക്രവാഹനങ്ങളാണ് ലെവൽ ക്രോസുകൾ കടക്കാൻ ഏറെ ബുദ്ധിമുട്ടുന്നത്. മാരാരിത്തോട്ടം - ചാമ്പക്കടവ് റോഡിലെ മിടുക്കൻ മുക്ക് ലെവൽ ക്രോസും മാരാരിത്തോട്ടം ക്ഷേത്രത്തിന് വടക്ക് വശത്തെ റെയിൽവേ ക്രോസുമാണ് യാത്രക്കാർക്ക് കടുത്ത ഭീഷണിയാകുന്നത്. ട്രാക്കിനുള്ളിൽ അറ്റകുറ്റപ്പണികൾ നടത്താൻ വേണ്ടി ടാർ ചെയ്തിരിക്കുന്ന ഭാഗം വെട്ടി പൊളിക്കുകയാണ് സാധാരണ ചെയ്യാറ്. എന്നാൽ പണി പൂർത്തിയായിക്കഴിഞ്ഞാൽ വീണ്ടും ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകുന്നില്ലെന്നാണ് വാഹന യാത്രക്കാരുടെ പരാതി. പൊളിച്ച ഭാഗം മാസങ്ങളോളം അതേ നിലയിൽ കിടക്കുന്നതിനാലാണ് വാഹന യാത്രികർ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് തെക്ക് വശത്തെ രണ്ടു ലെവൽ ക്രോസുകൾ കടക്കാൻ ബുദ്ധിമുട്ടുന്നത്.

മെറ്റൽ ഇളകി ചിതറിക്കിടക്കുന്നു

മാരാരിത്തോട്ടം - ചാമ്പക്കടവ് റോഡിലെ മിടുക്കൻ മുക്ക് ലെവൽ ക്രോസിലും മാരാരിത്തോട്ടം ക്ഷേത്രത്തിന് വടക്ക് വശത്തെ റെയിൽവേ ക്രോസിലും മെറ്റൽ ഇളകി ചിതറിക്കിടക്കുകയാണ്. അതുകൊണ്ടുതന്നെ ഇവിടെ റെയിൽവേ പാളം വളരെ ഉയർന്നു നിൽക്കുന്ന അവസ്ഥയിലാണ്. മെറ്റിലിനും മീതെ ഉയർന്നു നിൽക്കുന്ന പാളം മറികടക്കണമെങ്കിൽ സർക്കസ് അഭ്യാസിയുടെ മെയ് വഴക്കം ആവശ്യമാണെന്ന് യാത്രക്കാർ പറയുന്നു. എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ബൈക്ക് യാത്രക്കാർ വലയും
ട്രെയിൻ കടന്നു പോകുന്നതിന് വേണ്ടി അടയ്ക്കുന്ന ലെവൽ ക്രോസ് തുറക്കുമ്പോഴുള്ള തിക്കിലും തിരക്കിലും വളരെ കഷ്ടപ്പെട്ടാണ് ബൈക്കുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ കടന്നു പോകുന്നത്. അതിനിടെ ഇളകിക്കിടക്കുന്ന മെറ്റിലും ഉയർന്നു നിൽക്കുന്ന റെയിൽവേ പാളവും യാത്രക്കാരെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്.

കുട്ടികളുമായി ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന സ്ത്രീകളാണ് ഏറെ ബുദ്ധിമുട്ടനുഭവിക്കുന്നത്.

ഇവിടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.

റോഡ് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുക്കാത്ത റെയിൽവേയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. റെയിൽ ക്രോസുകൾ ഉടനടി ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കാൻ റെയിൽവേ അധികൃതർ മുൻകൈയെടുക്കണം.

യാത്രക്കാ‌ർ