14 ലക്ഷം രൂപയുടെ ഡി.പി.ആർ
ആയുഷ്മാൻ ഭാരത് പദ്ധതിയിൽ നിന്ന് ഏഴ് ലക്ഷം
കൊല്ലം: മുണ്ടയ്ക്കൽ നഗര പ്രാഥമികാരോഗ്യ കേന്ദ്രം വെൽനസ് സെന്ററായി ഉയർത്തുന്നു. കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്വകാര്യ ആശുപത്രികളിൽ ലഭ്യമാകുന്ന സൗകര്യങ്ങളാണ് കേന്ദ്രത്തിൽ പുതുതായി ഒരുക്കുന്നത്.
ഇതിനായി സംസ്ഥാന സർക്കാർ അംഗീകൃത ഏജൻസിയായ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് 14 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ആയുഷ്മാൻ ഭാരത് പദ്ധതിയിൽ നിന്ന് ഏഴ് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ശേഷിക്കുന്ന തുക എം.എൽ.എയുടെയോ എം.പിയുടെയോ ആസ്തിവികസന ഫണ്ടിൽ നിന്ന് കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.
ചികിത്സയ്ക്കെത്തുന്നത് പ്രതിദിനം 125 ഓളം പേർ
ഉച്ചയ്ക്ക് 1.30 മുതൽ രാത്രി 7.30 വരെയാണ് മുണ്ടയ്ക്കൽ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒ.പി. നിലവിൽ ഒരു മെഡിക്കൽ ഓഫീസറാണുള്ളത്. പ്രതിദിനം ശരാശരി 125 ഓളം പേർ ഒ.പിയിലെത്താറുണ്ട്.
വെൽനസ് സെന്റർ ആകുന്നതോടെ
കൂടുതൽ മരുന്നുകൾ
വെൽനസ് സെന്ററാകുന്നതോടെ മുണ്ടയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ മരുന്നുകൾ ലഭ്യമാകും. ഇവ സുരക്ഷിതമായി സൂക്ഷിക്കാൻ നിലവിലുള്ള ഫാർമസിയുടെ വിസ്തൃതി വർദ്ധിപ്പിച്ച് എ.സി സ്ഥാപിക്കും.
മികച്ച സൗകര്യങ്ങൾ
രോഗികൾക്കുള്ള വിശ്രമകേന്ദ്രത്തിന്റെ വിസ്തൃതി വർദ്ധിപ്പിക്കുന്നതിനൊപ്പം പുതിയ ഇരിപ്പിടങ്ങളും സജ്ജമാക്കും. ഗർഭിണികളുടെയും കുട്ടികളുടെയും ആരോഗ്യ പരിപാലനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഇവർക്ക് കൂടുതൽ സമയം ആരോഗ്യ കേന്ദ്രത്തിൽ ചെലവഴിക്കാനായി പുതിയ മുറികൾ നിർമ്മിക്കും.
ലാബിൽ പുതിയ പരിശോധനകൾ
ലാബിൽ കൂടുതൽ പരിശോധനകൾക്കുള്ള യന്ത്രങ്ങൾ സ്ഥാപിക്കും. നിലവിൽ ഷുഗർ, കൊളസ്ട്രോൾ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ 15 പരിശോധനകൾ മാത്രമാണ് നടക്കുന്നത്. ലിവർ ഫംഗ്ഷൻ, ലിപ്പിഡ് പ്രൊഫൈൽ തുടങ്ങിയ എട്ടോളം പരിശോധനകൾ പുതുതായി ആരംഭിക്കും. കണ്ണ് പരിശോധനാ കേന്ദ്രവും പ്രത്യേകം തുടങ്ങും.