തടയണയുടെ ഉയരം താൽക്കാലികമായി വർദ്ധിപ്പിച്ച് ലക്ഷങ്ങൾ പാഴാക്കുന്നതിന് അറുതിയാകും
പുനലൂർ: കല്ലടയാറ്റിലെ പുനലൂർ പേപ്പർ മിൽ തടയണയുടെ മുകളിൽ മൺചാക്കുകൾ അടുക്കി താൽക്കാലികമായി ഉയരം വർദ്ധിച്ച് ലക്ഷക്കണക്കിന് രൂപ പാഴാക്കുന്നത് ഇനി ഒഴിവാക്കാം. ബ്രിട്ടീഷ് ഭരണ കാലത്ത് കരിങ്കല്ലിൽ പണിത തടയണയുടെ മുകളിൽ 75 സെന്റീമീറ്റർ കൂടി കോൺക്രീറ്റ് ചെയ്ത് ഉയരം വർദ്ധിപ്പിക്കാൻ 70.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനുളള ഭരണാനുമതി ലഭിച്ചു. പുനലൂർ താലൂക്ക് വികസന സമിതി യോഗത്തിൽ സ്ഥലം എം.എൽ.എ ആയ മന്ത്രി കെ. രാജുവിന്റെ പ്രതിനിധി സി. അജയപ്രാസദാണ് ഇക്കാര്യം സഭയെ അറിയിച്ചത്. കാലവർഷം ശക്തമാകുമ്പോൾ മഴവെള്ളത്തിൽ തടയണയുടെ മുകളിൽ അടുക്കിയ മൺ ചാക്കുകൾ ഒലിച്ചു പോകുന്നത് പതിവായിരുന്നു. കഴിഞ്ഞ വർഷത്തെ കടുത്ത വേനലിൽ കല്ലടയാറ്റിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ ഗ്രാമ പ്രദേശങ്ങൾക്ക് പുറമേ പട്ടണത്തിലും ആഴ്ചകളോളം കുടിവെളളവിതരണം നിലച്ചിരുന്നു. പുനലൂരിലെ വാട്ടർ അതോറിറ്റിയുടെ ജലവിതരണം മുടങ്ങിയതോടെ വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്നാണ് പേപ്പർ മിൽ തടയണയുടെ ഉയരം കോൺക്രീറ്റ് ചെയ്ത് വർദ്ധിപ്പിക്കാൻ അധികൃതർ പദ്ധതിയിട്ടത്. തുടർന്ന് ഉദ്യോഗസ്ഥർ പുതിയ എസ്റ്റിമേറ്റ് എടുത്ത് സർക്കാരിൽ സമർപ്പിച്ചെങ്കിലും ഇപ്പോഴാണ് 70.5ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചത്.
ബ്രിട്ടീഷ് ഭരണ കാലത്ത് കരിങ്കല്ലിൽ പണിത തടയണയുടെ മുകളിൽ 75 സെന്റീമീറ്റർ കൂടി കോൺക്രീറ്റ് ചെയ്ത് ഉയരം വർദ്ധിപ്പിക്കാൻ 70.5 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനുളള ഭരണാനുമതിയാണ് ലഭിച്ചത്
റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി
റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതിക്ക് ഭരണാനുമതി നൽകിയത്. തടയണയുടെ നിലവിലെ ഉയരം വർദ്ധിപ്പിച്ച് വേനൽക്കാലത്ത് കല്ലടയാറ്റിലെ വെള്ളം തടഞ്ഞു നിറുത്തി നഗരസഭ പ്രദേശങ്ങളിലേക്കുളള ജലവിതരണം മുടക്കം കൂടാതെ നടത്താനാണ് പദ്ധതി. കടുത്ത വേനലിൽ കല്ലടയാറ്റിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നത് പതിവാണ്. ഇത് കാരണം വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ കല്ലടയാറ്റിൽ സ്ഥാപിച്ചിട്ടുളള കിണറിൽ നിന്ന് വെളളം പമ്പ് ചെയ്യാൻ കഴിയാത്ത അവസ്ഥ മാസങ്ങളോളം തുടരും. ഇത് മൂലം നഗരസഭാ പ്രദേശങ്ങളിലെ പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് ശുദ്ധജലം ലഭിക്കില്ല. ഇത് കണക്കിലെടുത്ത് ലക്ഷങ്ങൾ ചെലവഴിച്ച് എല്ലാ വർഷവും വേനലിൽ തടയണയുടെ മുകളിൽ മൺചാക്കുകൾ അടുക്കി താൽക്കാലികമായി ഉയരം വർദ്ധിപ്പിച്ചിരുന്നു.
ഉയരം കുറയാൻ കാരണം
1992 ൽ ഉണ്ടായ വെളളപ്പൊക്കത്തിൽ തടയണയുടെ മുകൾ ഭാഗത്തെ കല്ലുകൾ ഒലിച്ച് പോയതോടെയാണ് തടയണയുടെ ഉയരം കുറഞ്ഞത്. ഈ വേനലിന് മുമ്പ് തടയണയുടെ ഉയരം വർദ്ധിപ്പിക്കാൻ കഴിയുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയാണ് അധികൃതർക്ക്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് പുനലൂരിൽ ആരംഭിച്ച പേപ്പർമില്ലിൽ വെളളം എടുക്കാനും, ഈറ്റകൾ കുതിർക്കാനുമായാണ് കല്ലടയാറിന് മദ്ധ്യേ കരിങ്കല്ലിൽ തടയണ നിർമ്മിച്ചത്.
കല്ലടയാറിന് മദ്ധ്യേയാണ് 56 മീറ്റർ നീളത്തിലും, 3.4 മീറ്റർ ഉയരത്തിലും 2.5 മീറ്റർ വീതിയിലും കരിങ്കല്ലിൽ തടയണ നിർമ്മിച്ചത്