a
പാറമേൽ ഭാഗത്ത് വൈദ്യുതി പോസ്റ്റ് കാട് മൂടിയ നിലയിൽ

എഴുകോൺ: വശങ്ങൾ കാടുമൂടിയ റോഡ് വാഹനങ്ങൾക്ക് കാൽനട യാത്രികർക്കും ഒരുപോലെ ഭീഷണിയാകുന്നു. ചീരാങ്കാവ് കോഴിക്കോടൻ മുക്ക് കൈതക്കോട് റോഡിലെ പാറമേൽ ഭാഗമാണ് ഏവരുടേയും പേടി സ്വപ്നമാകുന്നത്.

വളവോട് കൂടിയുള്ള റോഡിന്റെ ഇരുവശങ്ങളിലും ചെടികൾ വളർന്നതിനാൽ എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയാണ്.നടപ്പാതയും കാടുമൂടിയതാണ് കാൽനട യാത്രികരെ വലയ്ക്കുന്നത്.

വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇവർക്ക് കാട് മൂടിയ ഭാഗത്തേക്ക് കയറി നിൽക്കേണ്ട അവസ്ഥയാണ്. ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായതിനാൽ പകൽ സമയത്തും പോലും ഇതുവഴി സഞ്ചരിക്കാൻ യാത്രക്കാർ ഭയപ്പെടുകയാണ്.

വൈദ്യുതി തൂണുകളിൽ വള്ളികൾ പടർന്നതോടെ തെരുവ് വിളക്കുകൾ വരെ മൂടിയ നിലയിലാണ്.ഇവയിൽ പലതും കത്താതായിട്ടും മാസങ്ങൾ പിന്നിട്ടു. ഇതോടെ സന്ധ്യമയങ്ങിയാലുള്ള യാത്ര സ്വപ്നം മാത്രമായി. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നുംവിദ്യാർത്ഥികൾ ഉൾപ്പടെ നൂറുകണക്കിന് കാൽനടയാത്രക്കാർ നിത്യേന സഞ്ചരിക്കുന്ന റോഡരികിലെ കാട് വെട്ടിത്തെളിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

മാസങ്ങളായി റോഡിന്റെ ഇരുവശവും കാടുമൂടി കിടക്കുകയാണ്. പവിത്രേശ്വരം പഞ്ചായത്ത് അധികൃതരോട് പല തവണ പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പാമ്പുകളും മറ്റ് വിഷ ജന്തുക്കളും മറ്റും ഉള്ളതിനാൽ പകൽ സമയത്ത് പോലും ഇതുവഴി നടന്നുപോകാൻ നാട്ടുകാർക്ക് ഭയമാണ്.

അനീഷ്, ട്രഷറർ, എസ്.എൻ.ഡി.പി യോഗം

829-ാം നമ്പർ കാരുവേലിൽ ശാഖ

വൈദ്യുതി തൂണുകളിൽ പോലും കാടുമൂടിയ സ്ഥിതിയാണ്. വൈദ്യുതി കമ്പികളിൽ കൂടി വള്ളികൾ പടർന്നുകയറിയതിനാൽ മഴ സമയങ്ങളിൽ സമീപത്ത് കൂടി പോകുന്നവർക്ക് ഷോക്ക് എൽക്കനുള്ള സാദ്ധ്യത കൂടുതലാണ്. കെ.എസ്. ഇ.ബി ജീവനക്കാർ പോലും ഇതുവഴി ലൈൻ ക്ലിയർ ചെയ്യാൻ വരാറില്ല.

തുളസീധരൻ, പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം 829-ാം നമ്പർ കാരുവേലിൽ ശാഖ