ഓച്ചിറ: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓച്ചിറ ശാഖയിൽ കവർച്ചയ്ക്കു ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം കൃഷ്ണപുരം സ്വദേശി ഉണ്ണിയാണ് (അരുൺ, 25) പിടിയിലായത്. പ്രതി ബാങ്കിൽ ഉപേക്ഷിച്ചുപോയ മൊബൈൽ ഫോണാണ് പൊലീസിന് പിടിവള്ളിയായത്.
ഞായറാഴ്ച പുലർച്ചെ 2.45ന് മുഖംമൂടി ധരിച്ച് ജനൽ തകർത്ത് അകത്ത് കയറുകയായിരുന്നു. സ്ട്രോംഗ് റൂം തകർക്കാൻ ശ്രമിച്ചപ്പോൾ ബാങ്കിലെ അപായ അലറാം മുഴങ്ങിയതിനെ തുടർന്ന് കവർച്ചാശ്രമം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സൈറൺ കേട്ട സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനാണ് പൊലീസിനെ അറിയിച്ചത്.
കുടത്തുണിയിൽ നിർമ്മിച്ച മുഖം മൂടിയും ഗ്ലൗസും പരിസരത്തുനിന്ന് കണ്ടെടുത്തു. ബാങ്കിൽ നിന്നും മൂർച്ചയുള്ള ആയുധവും ഒരു മൊബൈൽ ഫോണും ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഓച്ചിറ സി.എെ ആർ.പ്രകാശ്, എസ്.എെമാരായ നൗഫൽ, അഷ്റഫ്, പത്മകുമാർ, റോബി, എ.എസ്.എെമാരായ സുമേഷ്, ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.