പുത്തൂർ: പുത്തൂർ ടൗണിലും പരിസര പ്രദേശങ്ങളിലും പൈപ്പ് പൊട്ടൽ പതിവാകുന്നു. കുളക്കട പവിത്രേശ്വരം കുടിവെള്ള പദ്ധതിയുടെയും മറ്റ് ചെറുകിട കുടിവെള്ള പദ്ധതികളുടെയും പൈപ്പുകളാണ് ദിനം പ്രതി പൊട്ടിയൊഴുകുന്നത്. ഇത് മൂലം പുത്തൂരിന്റെ പല പ്രദേങ്ങളിലും കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം മൈലംകുളം ജംഗ്ഷനിൽ പൈപ്പ് പൊട്ടി വെള്ളം ശക്തിയായി കുത്തിയൊഴുകുകയായിരുന്നു. ചേരിയിൽ ദേവീക്ഷേത്ര കവാടത്തിന് എതിർ ഭാഗത്തും പൈപ്പ് പൊട്ടി വെള്ളം പാഴായി. വലഭൻ കര ഭാഗത്തും പുത്തൂർ കണിയാപൊയ്ക ക്ഷേത്രകുളത്തിനു സമീപത്തും റോട്ടറി ഹാളിന് സമീപത്തുമെല്ലാം പൈപ്പ് പൊട്ടൽ പതിവാണ്. പുത്തൂർ -ചീരങ്കാവ് റോഡിൽ സ്ഥിരമായി പൈപ്പ് പൊട്ടുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. നിരവധി പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പ് ലൈനുകളിലെ അറ്റകുറ്റപ്പണി കാര്യക്ഷമമായി നടത്താൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.