ഓച്ചിറ: നീണ്ടകരയിൽ നിന്നും കടലിൽപോയി യന്ത്രത്തകരാർ സംഭവിച്ച സ്നേഹിതൻ ബോട്ടിനെ മറൈൻ എൻഫോഴ്സ് മെന്റ് പൊലീസ് അഴീക്കൽ ഹാർബറിൽ എത്തിച്ചു. ഇതിലെ തൊഴിലാളികളായ മുജീബ്, സാബു, യേശുദാസ്, മജീദ് എന്നിവരെ മറ്റൊരു ബോട്ട് രക്ഷപ്പെടുത്തി തിങ്കളാഴ്ച കരയിൽ എത്തിച്ചിരുന്നു.
ശനിയാഴ്ച വൈകിട്ടാണ് പന്മന സ്വദേശി മുജീബിന്റെ ഉടമസ്ഥതയിലുള്ള ബോട്ട് യന്ത്രത്തകരാർ മൂലം കടലിൽ അകപ്പെട്ടത്. അഴീക്കലിൽ നിന്നും 30 നോട്ടിക്കൽ മൈൽ പടിഞ്ഞാറ് കടലിൽ ഒഴുകി നടക്കുന്ന നിലയിലാണ് ബോട്ടിനെ കണ്ടെത്തിയത്. പ്രൊപ്പല്ലറിൽ വല കുരുങ്ങിയതിനാൽ ബോട്ട് ഓടിക്കാൻ കഴിയാതെ വരുകയായിരുന്നു. തീരദേശ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റഗാർഡ് എന്നിവർ തിരച്ചിലിൽ പങ്കെടുത്തു. ബോട്ടിൽ വയർലെസ്, ജി.പി.ആർ.എസ് സംവിധാനങ്ങൾ പ്രവർത്തിക്കാതിരുന്നത് തിരിച്ചിലിനെ ബാധിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് എസ്.എെ സുമേഷ്, സി.പി.ഒമാരായ ഷിന്റോ, ജോർജ്ജ്, ലൈഫ് ഗാർഡ് ഒൗസേപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് ബോട്ട് കരക്കെത്തിച്ചത്.