sheela
sheela

# പോസ്റ്റ്മോർട്ടം സമയം ആർ.ഡി.ഒ തീരുമാനിക്കും

കൊല്ലം: മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിട്ടും പോസ്റ്റ്മോർട്ടം ചെയ്യാതെ പള്ളി സെമിത്തേരിയിൽ അടക്കം ചെയ്ത വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും.

കുണ്ടറ വെള്ളിമൺ നാന്തിരിയ്ക്കൽ ഷിനുഭവനിൽ ഷീലയുടെ (46) മൃതദേഹമാണ് പുറത്തെടുക്കുക. ജൂലായ് 29 ന് രാത്രി 10 മണിയോടെ അവശനിലയിൽ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഷീലയെ ആശുപത്രി അധികൃതരുടെ നിർദ്ദേശ പ്രകാരം കൊല്ലത്തെ മെഡി. കോളേജിലെത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു. അസ്വാഭാവികതയുണ്ടെന്ന് സഹോദരിയടക്കം പറഞ്ഞെങ്കിലും പോസ്റ്റ്മോർട്ടം നടത്താതെ 31ന് നാന്തിരിയ്ക്കൽ പള്ളിയിൽ സംസ്കരിക്കുകയായിരുന്നു. പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തണമെന്നാവശ്യപ്പെട്ട് കേസന്വേഷിക്കുന്ന റൂറൽ പൊലീസ് ക്രൈംബ്രാഞ്ച് ഉടൻ ആർ.ഡി.ഒയ്ക്ക് റിപ്പോർട്ട് നൽകും. തുടർന്ന് പോസ്റ്റ്മോർട്ടം ചെയ്യാനുള്ള തീയതിയും സമയവും നിശ്ചയിക്കും.

മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് നാന്തിരിയ്ക്കൽ ഷീന ഭവനിൽ സ്റ്റാൻസിയാണ് കൊല്ലം റൂറൽ എസ്.പിക്ക് പരാതി നൽകിയത്. റൂറൽ എസ്.പി അന്വേഷണത്തിനായി കുണ്ടറ പൊലീസിന് കൈമാറി. അന്വേഷണം നടത്തിയ കുണ്ടറ പൊലീസ് പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസന്വേഷിച്ച കുണ്ടറ സി.ഐ, റൂറൽ എസ്.പി എസ്. ഹരിശങ്കറിന് നൽകിയ റിപ്പോർട്ട് അദ്ദേഹം വിശദ അന്വേഷണത്തിനായി റൂറൽ ക്രൈംബ്രാഞ്ചിന് നൽകുകയായിരുന്നു. റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകൻ ബന്ധപ്പെട്ട കക്ഷികളെ കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. പരാതിക്കാരിയെ കൂടാതെ മരിച്ച ഷീലയുടെ ഭർത്താവ് സിംസൺ അടക്കമുള്ളവരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യണമെന്ന ബന്ധുക്കളുടെ ആവശ്യം അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്ന ബന്ധുക്കളുടെ ആശങ്ക കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ഷീലയുടെ ഭർത്താവ്, മകൻ, ബന്ധുക്കളായ രണ്ടുപേർ, പ്രദേശത്തെ സി.പി.എം പഞ്ചായത്ത് അംഗം എന്നിവരെ എതിർകക്ഷികളാക്കിയാണ് മാതാവ് സ്റ്റാൻസി പരാതി നൽകിയത്. നിരന്തര പീ‌‌ഡനത്തെ തുടർന്നാണ് ഷീല മരിച്ചതെന്നാണ് മാതാവ് പരാതിയിൽ പറഞ്ഞത്. ബന്ധുക്കൾക്ക് പരാതിയില്ലെന്ന് പറഞ്ഞ് പൊലീസ് അന്ന് കേസെടുക്കാത്തത് വിവാദമായിരുന്നു.

കണ്ടെത്തേണ്ട വസ്തുതകൾ

ഷീലയുടെ മരണം എവിടെ വച്ച് സംഭവിച്ചുവെന്നും എങ്ങനെയെന്നതും അടക്കമുള്ള കാര്യങ്ങളിലാണ് വ്യക്തത വരേണ്ടത്.

എങ്ങനെ മരിച്ചു എന്ന് പോസ്റ്റ്മോർട്ടത്തിലേ വ്യക്തത കൈവരുകയുള്ളു. ആന്തരാവയവങ്ങളുടെ പരിശോധനയിലൂടെ മരണ കാരണം കണ്ടെത്താമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. അവശനിലയിൽ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഷീല അവിടെ വച്ച് മരിച്ചെന്നാണ് ബന്ധുക്കൾ പറയുന്നതെങ്കിലും ഇതിലും വ്യക്തത വേണ്ടതുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസാധാരണമായി എന്തെങ്കിലും കണ്ടെത്തിയാൽ കേസിന്റെ ഗതി തന്നെ മാറിയേക്കും.