photo
എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ശാഖാ ഭാരവാഹികളുടെ സംയുക്തയോഗം യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ, വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, യോഗം ബോർഡ് മെമ്പർ കെ.ജെ.പ്രസേനൻ എന്നിവർ സമീപം

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ ശിവഗിരി തീർത്ഥാടന പദയാത്ര സംഘടിപ്പിക്കാൻ ശാഖാ ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചു. 28ന് പുലർച്ചെ യൂണിയൻ ആസ്ഥാനത്ത് നിന്നും പദയാത്ര ആരംഭിക്കും. പദയാത്രയുടെ ഉദ്ഘാടനം 27ന് വൈകിട്ട് 4ന് പദയാത്ര ക്യാപ്ടനും യൂണിയൻ പ്രസിഡന്റുമായ കെ. സുശീലന് പീതപതാക കൈമാറി എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ നിർവഹിക്കും. യൂണിയൻ സെക്രട്ടറിയും പദയാത്ര ഡയറക്ടറുമായ എ. സോമരാജൻ സ്വാഗതം പറയും.

പദയാത്രയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 17ന് മുമ്പായി യൂണിയൻ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം. 18ന് വൈകിട്ട് 4ന് യൂണിയൻ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ ശിവഗിരി മഠത്തിലെ സ്വാമി ബോധിതീർത്ഥ തീർത്ഥാടകരുടെ കൈകളിൽ കാപ്പ് കെട്ടുന്നതോടെ വ്രതാനുഷ്ഠാനത്തിന് തുടക്കമാകും. 10 ദിവസം വ്രതം അനുഷ്ഠിച്ച് വേണം പദയാത്രയിൽ പങ്കെടുക്കാൻ.

ശാഖാ ഭാരവാഹികളുടെ യോഗം യൂണിയൻ സെക്രട്ടറി എ. സോമരാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ശോഭനൻ, യോഗം ബോർഡ് മെമ്പർ കെ.ജെ. പ്രസേനൻ, യൂണിയൻ കൗൺസിലർമാരായ എല്ലയ്യത്ത് ചന്ദ്രൻ, കള്ളേത്ത് ഗോപി, എം. ചന്ദ്രൻ, ക്ലാപ്പന ഷിബു, ബി. കമലൻ, കളരിക്കൽ സലിംകുമാർ, കുന്നേൽ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.