kottiyam
കൊട്ടിയം ജംഗ്ഷൻ

കൊല്ലം: അശാസ്ത്രീയമെന്ന് ബോദ്ധ്യമായതിനെ തുടർന്ന് പ്രവർത്തനം നിറുത്തിവച്ച കൊട്ടിയം ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ സംവിധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമം പൊലീസ് ഉപേക്ഷിക്കുന്നു. സിഗ്നൽ ലൈറ്റുകൾ തെളിയിക്കുന്നില്ലെങ്കിലും പോസ്റ്റുകളിൽ പരസ്യം സ്ഥാപിച്ച് സ്വകാര്യ ഏജൻസി കീശ വീർപ്പിക്കുന്നത് തുടരും.

സിഗ്നൽ വന്നതോടെ ജംഗ്ഷനിലെ ഗതാഗത കുരുക്ക് കൂടുതൽ രൂക്ഷമാകുകയായിരുന്നു. കണ്ണനല്ലൂർ, മയ്യനാട്, ഹോളിക്രോസ് റോഡുകളിൽ നിന്ന് വരുന്ന വാഹനങ്ങൾ ദേശീയപാതയിൽ പ്രവേശിക്കാൻ കൂടുതൽ സമയം കാത്തുകിടക്കേണ്ടി വന്നു. വളരെ ഇടുങ്ങിയ മയ്യനാട് റോഡിൽ സിഗ്നൽ തെളിയുന്നതോടെയുള്ള വാഹനങ്ങളുടെ തിക്കിത്തിരക്ക് അപകടങ്ങൾ പതിവാക്കി. കൊല്ലം ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക് ഹോളിക്രോസ് റോഡിലേക്ക് കടക്കാനാകാത്ത അവസ്ഥയായി.

യാത്രക്കാർക്കിടയിൽ പ്രതിഷേധം ശക്തമായതോടെ രണ്ടാഴ്ച മുമ്പാണ് ട്രാഫിക് സിഗ്നലിന്റെ പ്രവർത്തനം താൽക്കാലികമായി നിറുത്തിയത്. വിശദ പഠനത്തിന് ശേഷം ശാസ്ത്രീയമായി പുനഃസ്ഥാപിക്കുമെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ സമീപഭാവിയിലെങ്ങും സിഗ്നൽ പുനഃസ്ഥാപിക്കാനില്ലെന്ന നിലപാടിലാണ് പൊലീസ്.

 സിഗ്നൽ സ്ഥാപിച്ചതിന് പിന്നിൽ സ്വകാര്യ ഏജൻസി

കൊട്ടിയം ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സംവിധാനം ആരംഭിച്ചത് ഒൻപത് മാസം മുമ്പാണ്. ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സ്ഥാപിച്ചാലും ഗതാഗതപ്രശ്നം പൂർണമായും പരിഹരിക്കാനാകില്ലെന്ന് ബോദ്ധ്യമുള്ളതിനാൽ നേരത്തെ അതിനായി ആരും ശ്രമിച്ചിരുന്നില്ല. ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്നലുകൾ സ്ഥാപിച്ച് അതിൽ പരസ്യം പ്രദർശിപ്പിച്ച് വരുമാനം കണ്ടെത്തുന്ന സ്വകാര്യ ഏജൻസി ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നു. ഉയർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശം വന്നതോടെ കൊട്ടിയം പൊലീസ് മയ്യനാട് പഞ്ചായത്തിന്റെ അനുവാദം വാങ്ങി കൊട്ടിയം ജംഗ്ഷനിൽ ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കുകയായിരുന്നു.