കൊല്ലം: വാളയാർ കുട്ടികളുടെ മരണത്തിന് ഇടയാക്കിയത് സി.പി.എം നേതൃത്വത്തിന്റെ ഇടപെടലാണെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. മൂത്തകുട്ടിയുടെ ദാരുണമരണം സംഭവിച്ചപ്പോൾ കുട്ടിയുടെ പിതാവും സഹോദരിയും പ്രാദേശിക സി.പി.എം നേതാക്കൾക്കെതിരെ മൊഴി നൽകുകയും, അവരെ പൊലീസ് അറസ്റ്റ് ചെയ്തതുമാണ്. എന്നാൽ സി.പി.എം നേതൃത്വത്തിന്റെ ശക്തമായ ഇടപടീൽ മൂലം പ്രതികളെ സ്റ്റേഷനിൽ നിന്നും വിട്ടയ്ക്കുകയും അന്വേഷണം നിലയ്ക്കുകയും ചെയ്തു.
രാജ്യത്ത് വർദ്ധിച്ചുവരുന്ന ബാല-സ്ത്രീ പീഡനങ്ങളിലും അരും കൊലപാതകങ്ങളിലും മോദി സർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ല. ഇതിനെതിരെ മനുഷ്യമനസാക്ഷിയെ ഉണർത്താൻ ഗാന്ധിദർശൻ സമിതി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന കൂട്ട ഉപവാസം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി ദർശൻ സമിതി ജില്ലാ പ്രസിഡന്റ് എം.വി. ഹെൻട്രി അദ്ധ്യക്ഷത വഹിച്ച ഉപവാസത്തിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അദ്ധ്യക്ഷ അഡ്വ. ബിന്ദു കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ. എ. ഷാനവാസ് ഖാൻ, ഗാന്ധി ദർശൻ സമിതി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കമ്പറ നാരായണൻ, കറ്റാനം ഷാജി, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. പി. ജർമ്മിയാസ്, കോയിവിള രാമചന്ദ്രൻ, ആദിക്കാട് മധു, കെ.ബി. ഷഹാൽ, സാബു ജി. പട്ടത്താനം, സുമിത്ര, രാജു.ഡി.പണിക്കർ, ചാച്ചാ ശിവരാജൻ, എസ്. ജയദേവ്, ഉണ്ണികൃഷ്ണൻ, മുരുകേഷ്, ഇ. ജോൺ, സി.ആർ. സുഗതൻ, വിൻസന്റ് എന്നിവർ സംസാരിച്ചു.