photo
കൊട്ടാരക്കര തൃക്കണ്ണമംഗൽ ജംഗ്ഷനിലെ മൂടിയില്ലാത്ത ഓട

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ജംഗ്ഷനിൽ ഓടകൾക്ക് മൂടിയില്ലാത്തത് അപകടക്കെണിയൊരുക്കുന്നു. കാൽനട യാത്രികരും ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാരും മിക്കപ്പോഴും ഇവിടെ അപകടത്തിൽപ്പെടാറുണ്ട്. ഓട നവീകരിച്ച സമയത്ത് നാട്ടുകാർ മൂടി വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് കഷ്ടിച്ച് നടന്നുകയറാൻ പറ്റുന്ന വിധത്തിൽ ചെറിയ മൂടികളിട്ട് പണി മതിയാക്കി അധികൃതർ മടങ്ങി.

പ്ളാപ്പള്ളി ഭാഗത്തേക്ക് തിരിയുന്നിടത്താണ് ഓട അപകടക്കെണിയായി മാറുന്നത്. റോഡിന്റെ ഇരുവശത്തും ഓടയ്ക്ക് മൂടിയില്ലാത്ത സ്ഥിതിയാണ്. ഒരു വശത്ത് പ്ളാപ്പള്ളി റോഡിന്റെ ഭാഗമായിട്ടാണ് ഓടയുള്ളത്. ഇതിൽ കരിങ്കല്ലുകൾ ഇളകിമാറിയിട്ടുണ്ട്. താഴ്ചയില്ലാത്ത ഓടയാണെങ്കിലും ഇവിടെ അപകടങ്ങൾ ഏറെയാണ്. വാഹനങ്ങൾ തിരിഞ്ഞുകയറുമ്പോൾ ഓടയിൽപ്പെടുന്നത് പതിവാണ്. തിരക്കേറിയ കവലയായിട്ടും അധികൃതർ ഓടയ്ക്ക് മൂടി സ്ഥാപിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.