kollam-port

കൊല്ലം: കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കുള്ളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സത്യവാങ്മൂലം സമർപ്പിക്കുമെന്ന് സംസ്ഥാന തുറമുഖ വകുപ്പ് അധികൃതർ വ്യക്തമാക്കി.

എമിഗ്രേഷൻ പോയിന്റിന്റെ പ്രവർത്തനത്തിനായി കൊല്ലം പോർട്ടിൽ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങൾ സംബന്ധിച്ച തുറമുഖ വകുപ്പിന്റെ റിപ്പോർട്ട് സംസ്ഥാന ആഭ്യന്തര വകുപ്പിന് കൈമാറും. ഇതിനൊപ്പമാകും സുരക്ഷാ സംവിധാനങ്ങളും എമിഗ്രേഷൻ പോയിന്റിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഉദ്യോഗസ്ഥരെയും നിയോഗിക്കാമെന്ന സത്യവാങ്മൂലം സംസ്ഥാന ആഭ്യന്തര വകുപ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുക. സത്യവാങ്മൂലം ലഭിച്ചാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എമിഗ്രേഷൻ പോയിന്റ് വൈകിപ്പിക്കില്ലെന്നാണ് സൂചന.

എമിഗ്രേഷൻ പോയിന്റിന്റെ പ്രവർത്തനത്തിനാവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുമായും ബന്ധപ്പെട്ട സത്യവാങ്മൂലം 2018 ലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആദ്യം ആവശ്യപ്പെട്ടത്. സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടാകാത്തതിനെ തുടർന്ന് നാല് മാസം മുൻപ് വീണ്ടും കത്തിലൂടെ സത്യവാങ്മൂലം ആവശ്യപ്പെട്ടെങ്കിലും വൈകിപ്പിക്കുകയായിരുന്നു.

എമിഗ്രേഷൻ പോയിന്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം കൊല്ലം പോർട്ട് സന്ദർശിച്ച ഫോറിനർ രജിസ്ട്രേഷൻ റീജിയണൽ ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥ സംഘം അടിസ്ഥാന സൗകര്യങ്ങളിൽ പൂർണ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ചരക്ക്, യാത്രാ കപ്പലുകൾ എത്തിച്ച് കൊല്ലം പോർട്ട് സജീവമാക്കാൻ ചർച്ചകൾ നടക്കുന്നുണ്ട്. പക്ഷെ, എമിഗ്രേഷൻ ക്ലിയറൻസ് സംവിധാനം ഇല്ലാത്തതിനാൽ കപ്പലിലെ ജീവനക്കാർക്കുപോലും പോർട്ടിൽ ഇറങ്ങാനാകില്ല.