കൊട്ടാരക്കര: നൂറുമേനിയുടെ വിളവ് തന്നിരുന്ന തൃക്കണ്ണമംഗൽ കടലാവിള ഏലാ തരിശുകിടന്ന് നശിക്കുന്നു. സംസ്ഥാന കൃഷിവകുപ്പ് കാർഷിക മേഖലയിൽ ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴാണ് ഇവിടെ ഹെക്ടർ കണക്കിന് ഏലാ നശിക്കുന്നത്. ഒരു വശത്ത് കരക്കൃഷിക്ക് തുടക്കമിട്ടിട്ടുണ്ട്.
നെൽക്കൃഷിയെ മാറ്റി വാഴയും മറ്റ് വിളകളും നട്ടുപിടിപ്പിക്കുകയാണ് കുറച്ച് കർഷകർ. മറുവശത്ത് പൂർണ്ണമായും കൃഷി നിലച്ച നിലയിലാണ്. റോഡിനോട് ചേർന്നുള്ള പാടമായതിനാൽ കാർഷിക യന്ത്രമിറക്കുന്നതിനും മറ്റും വലിയ ബുദ്ധിമുട്ടുകളില്ല. വെള്ളക്കെട്ട് ഒഴിവാക്കാൻ സംവിധാനമുണ്ടാക്കുകയും സമീപത്തെ തോട് വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കുകയും വേണം. കർഷകർക്ക് കൂടുതൽ സഹായങ്ങൾ നൽകി പാടശേഖര സമിതികളെ കൂട്ടിയോജിപ്പിച്ച് സർക്കാർ സംവിധാനങ്ങളോട് ഇവിടെ പച്ചപ്പ് പരത്താവുന്നതാണ്. ഇതിനായി അധികൃതർ അടിയന്തിര ശ്രദ്ധ ചെലുത്തണമെന്നാണ് കൃഷിയെ സ്നേഹിക്കുന്നവർ ആവശ്യപ്പെടുന്നത്. ഇടയ്ക്ക് നെൽക്കൃഷി നടത്തിയെങ്കിലും കൂടുതൽ നാൾ നീണ്ടില്ല. ഇനിയും ഈ പാടം സ്വർണ്ണനിറമുള്ള നെല്ല് വിളയുന്ന നാളുകൾ സ്വപ്നം കാണുകയാണ് ഇവിടുത്തുകാർ.