savala
അനധികൃത വെളിച്ചെണ്ണ വിപണന കേന്ദ്രങ്ങളിൽ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ പരിശോധന നടത്തുന്നു

കൊല്ലം: സവാള വില പിടിച്ചു നിറുത്താൻ പുനെയിൽ നിന്ന് ലോഡ് എത്തിക്കുമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ. കിലോയ്ക്ക് 120 രൂപയ്ക്ക് താഴെയുള്ള നിരക്കിൽ സപ്ലൈകോ വഴി വിതരണം ചെയ്യാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. നാളെ മുതൽ കുറഞ്ഞ വിലയ്ക്ക് വിതരണം സാധ്യമാക്കും.

5,000 കിലോ സപ്ലൈകോയുടെ സഹായത്തോടെ നാഫെഡ് വഴി എത്തിക്കാനാണ് നിർദ്ദേശം.
ഭക്ഷണ പദാർത്ഥങ്ങളിൽ മായം ചേർക്കുന്നവർക്കെതിരെ കർശന നടപടികൾ കൈക്കൊള്ളുമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. സമസ്ത മേഖലകളുടേയും സുരക്ഷ ലക്ഷ്യമാക്കി ജില്ലയിൽ നടപ്പിലാക്കുന്ന സേഫ് കൊല്ലം പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയെ തുടർന്നാണ് മുന്നറിയിപ്പ്.
കഴിഞ്ഞ ദിവസം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തിരുന്നു. ബ്രാൻഡഡ് ഉത്പന്നമെന്ന പേരിലായിരുന്നു ഇവ വിപണനം ചെയ്തിരുന്നത്.

പിടിച്ചെടുത്ത വ്യാജ വെളിച്ചെണ്ണയുടെ ശാസ്ത്രീയ പരിശോധനാ ഫലം കൂടി കണക്കിലെടുത്ത് ശിക്ഷാനടപടി കൈക്കൊള്ളും. ഉത്പാദന വിപണന കേന്ദ്രങ്ങളുടെ ഉടമകൾക്കും വ്യാജ ഉത്പന്ന നിർമാണത്തിൽ പങ്കാളികളയാവർക്കുമെതിരെ നിയമ നടപടി സ്വീകരിക്കും.

ഇന്നലെ

സൂപ്പർ മാർക്കറ്റിൽ

സവാള-150

ചെറിയ ഉള്ളി- 132

ഉന്തുവണ്ടികളിൽ

സവാള -100

ചെറിയ ഉള്ളി - 120

വില പിടിച്ചുകെട്ടാൻ

വിപണി നിരീക്ഷണം
1.ഉള്ളി വില ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ നടത്തിയ പരിശോധനകൾ തുടരും.

2.പൂഴ്ത്തി വയ്പ്പും കൊള്ളവിലയും നിയന്ത്രിക്കുന്നതിന് വിപണി നിരീക്ഷണം നടത്തി വിവരം കൈമാറാൻ ജില്ലാ താലൂക്ക് സപ്ലൈ ഓഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

3. ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടലുകൾ, റസ്റ്ററന്റുകൾ, കന്റീനുകൾ തുടങ്ങിയവ പരിശോധിക്കും.

4.പൊതു വിപണയിൽ അളവുകളും തൂക്കങ്ങളും വകുപ്പ് പരിശോധന നടത്തും.

5.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗവും ആരോഗ്യ വകുപ്പും ഭക്ഷണ വിതരണ ഉത്പാദന മേഖലയിലെ പരിശോധന കൂടുതൽ ശക്തമാക്കും.