അഞ്ചാലുംമൂട്: പെരിനാട് മുരുന്തൽ കൊല്ലേരി ക്ഷേത്ര വളപ്പിൽ നിന്നിരുന്ന ചന്ദനമരവും തേക്ക് മരങ്ങളും കഴിഞ്ഞ ദിവസം മുറിച്ച് കടത്തി. ക്ഷേത്ര പ്രസിഡന്റ് നിര്യാതനായതിനെ തുടർന്ന് ക്ഷേത്രത്തിൽ ഭരണസമിതി നിലവിലില്ല. അതിനാൽ ക്ഷേത്ര ഭരണസമിതി അംഗമായിരുന്ന ശിവപ്രസാദൻ ആശാന്റെ നേതൃത്വത്തിൽ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. മുൻ ഭരണസമിതിയിലുള്ളവർക്ക് ക്ഷേത്ര കോമ്പൗണ്ടിലെ വിലപിടിപ്പുള്ള മരങ്ങൾ മുറിച്ച് കടത്തിയതിൽ പങ്കുണ്ടെന്നാണ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നത്.
മുറിച്ചെടുത്ത ചന്ദന മുട്ടികൾ കുറെ ശ്രീകോവിലിൽ ഒളിപ്പിച്ച് വച്ചിരിന്നു. ഇന്നലെ വൈകിട്ട് ഫോറസ്റ്റ് അധികൃതർ അമ്പലത്തിലെത്തി ചന്ദനമുട്ടികൾ കസ്റ്റഡിയിൽ എടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
പത്തനാപുരം ഡെപ്യൂട്ടി റെഞ്ച് ഫോറസ്റ്റ് ഓഫീസർ എ. നിസാം, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ സുന്ദരൻ, നാസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം.എസ്. അഞ്ജന, ആർ. പാർവ്വതി, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ചന്ദന മരം പിടിച്ചെടുത്തത്.