കൊല്ലം: കൊല്ലത്തിന് ആഘോഷത്തിന്റെ ദിനരാത്രങ്ങൾ സമ്മാനിക്കുന്ന കൊല്ലം ബീച്ച് ഗെയിംസ് 21ന് തുടങ്ങും. കൊല്ലം കാർണിവൽ 2019, വ്യാപാരോത്സവം 2020 എന്നിവയ്ക്കും ഇതോടൊപ്പം തുടക്കമാകും.
ബീച്ച് കേന്ദ്രീകരിച്ച് നടത്തുന്ന കായിക കലാസാംസ്‌കാരിക ഉത്സവത്തിൽ ഒട്ടേറെ സമ്മാനങ്ങളും കാത്തിരിക്കുന്നുണ്ട്. 25 പവൻ ബമ്പർ സമ്മാനം മുതൽ വിവിധ മത്സരങ്ങളും കൂപ്പണുകളും അടിസ്ഥാനമാക്കി പ്രോത്സാഹന സമ്മാനങ്ങളും നൽകും. മെയിൻ റോഡ് മുതൽ ബീച്ച് വരെ നീളുന്ന താൽക്കാലിക വ്യാപാരസമുച്ചയം മുഖ്യ ആകർഷണമാകും. ഒരുകുടക്കീഴിൽ ആവശ്യമുള്ളതെല്ലാം തിരഞ്ഞെടുക്കാൻ അവസരമൊരുക്കുന്ന വ്യാപാരോത്സവമായി ഇതുമാറും. പ്രത്യേക ഗെയിംസ് സോൺ ഒരുക്കി ആവേശകരമായ കായികമത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.
ഫുട്‌ബാൾ, വോളിബാൾ, കബഡി, വടംവലി തുടങ്ങിയവ വിവിധ ദിവസങ്ങളിലായി അരങ്ങേറും. ആയിരങ്ങൾ പങ്കെടുക്കുന്ന ബീച്ച് റൺ, മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക കായിക മത്സരങ്ങൾ എന്നിവയും നടത്തും. ജില്ലയിലെ പ്രമുഖ ടീമുകൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും. ചിത്രകാരന്മാരുടെ രചനകളും മെഗാ സംഗീത പരിപാടികളും സായാഹ്നങ്ങളെ സമ്പന്നമാക്കും.
ഡിസംബർ 21ന് മന്ത്റി ജെ. മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനം ചെയ്യും. ഡിസംബർ 31 വരെയാണ് കാർണിവലും ബീച്ച് ഗെയിംസും. വ്യാപാരോത്സവം ജനുവരി 31 വരെ തുടരും.
സംഘാടക സമിതി ഓഫീസ് തുറന്നു
ഡിസംബർ 21ന് ആരംഭിക്കുന്ന ബീച്ച് ഗെയിംസിന്റെ സംഘാടക സമിതി ഓഫീസ് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ബീച്ച് ഹോട്ടലിലാണ് ഓഫീസ് പ്രവർത്തിക്കുക. സംഘാടകസമിതി ഓഫീസിലേക്കുള്ള പ്രവേശനകവാടം ബീച്ചിൽ നിന്നാണ്.
സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് ഗെയിംസ് അവതരണം നടത്തി. എ.ഡി.എം പി.ആർ. ഗോപാലകൃഷ്ണൻ, സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. കെ. രാമഭദ്റൻ, എക്സിക്യൂട്ടീവ് അംഗം എൽ. അനിൽ, വ്യാപാരി വ്യവസായി പ്രതിനിധി എസ്. ദേവരാജൻ, എ.സി.പി എ. പ്രതീപ് കുമാർ, എ.കെ. സവാദ്, ഫാ. ബിജു ജോസഫ്, ഡി.ടി.പി.സി സെക്രട്ടറി സി. സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.