കൊല്ലം: പൗരത്വ ബിൽ നടപ്പാക്കുന്നതു രണ്ടാം സ്വാതന്ത്ര്യ സമരം അനിവാര്യമാക്കുന്നുവെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ചേലക്കുളം അബുൽ ബുഷ്റാ കെ.എം. മുഹമ്മദ് മൗലവി പറഞ്ഞു. ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ (ഡി.കെ.എൽ.എം) സുവർണ ജൂബിലിയുടെ ഭാഗമായി നടത്തിയ മനുഷ്യാവകാശ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പൗരത്വ ഭേദഗതി ബിൽ പാസാക്കിയതു പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്നതിന് തുല്യമാണ്. രാജ്യത്തിന്റെ ബഹുസ്വരതയും മതേതരത്വവും നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി പ്രമേയം അവതരിപ്പിച്ചു. പൗരത്വബിൽ അടക്കം സമുദായം നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉൾപ്പെടുത്തി രാഷ്ട്രപതി ഉൾപ്പെടെയുള്ളവർക്കു ഭീമഹർജി സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പതിനായിരങ്ങൾ അണിനിരന്ന പൗരത്വാവകാശ സംരക്ഷണ റാലിക്ക് ശേഷമായിരുന്നു സമ്മേളനം. സയ്യിദ് മുത്തുക്കോയാ തങ്ങൾ, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, പാങ്ങോട് എ. ഖമറുദ്ദീൻ മൗലവി, എം.എം. ബാവാ മൗലവി, എ.കെ. ഉമർ മൗലവി, അഡ്വ. കെ.പി. മുഹമ്മദ്, എ.എം. ഇർഷാദ് മൗലവി, കടയ്ക്കൽ ജുനൈദ്, എം. മുഹ്യയുദ്ദീൻ മൗലവി, സി.എ. മൂസാ മൗലവി, എൻ.കെ. അബ്ദുൾ മജീദ് മൗലവി, മാണിക്കൽ നിസാറുദ്ദീൻ മൗലവി, മുക്കയം ഹുസൈൻ മൗലവി തുടങ്ങിയവർ സംസാരിച്ചു.