കരുനാഗപ്പള്ളി: സർക്കാർ ആശുപത്രികളിൽ 108 വിഭാഗത്തിൽപ്പെട്ട ആംബുലൻസുകൾക്ക് സ്പീഡ് ലിമിറ്റ് ഏർപ്പെടുത്തിയ മാനേജ്മെന്റ് തീരുമാനത്തിനെതിരെ രോഗികളിൽ നിന്ന് പരാതി ഉയരുന്നു. ജില്ലയിൽ എമർജൻസി മാനേജ്മെന്റ് റിസർച്ച് ഇൻസ്റ്റിട്യൂഷൻ കമ്പനിയാണ് 108 വിഭാഗത്തിൽപ്പെട്ട ആബുലൻസുകളുടെ സേവനം നടത്തുന്നത്. 10 ആബുലൻസുകളാണ് ജില്ലയിൽ സർവീസ് നടത്തുന്നത്. കർണാകട ആസ്ഥാനമായുള്ള കമ്പനിക്കാണ് 108 വിഭാഗത്തിൽപ്പെടുന്ന ആംബുലൻസുകളുടെ നടത്തിപ്പ് ചുമതല. അത്യാഹിത വിഭാഗത്തിൽപ്പെടുന്ന രോഗികളെയും കൊണ്ടുപോകുമ്പോൾ ആംബുലൻസുകൾക്ക് വേഗത പ്രശ്നമല്ല എന്നാണ് ചട്ടം. എന്നാൽ നിലവിൽ 108 വിഭാഗത്തിൽപ്പെട്ട ആംബുലൻസുകൾ 80 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കാൻ പാടില്ലെന്നാണ് നടത്തിപ്പുകാരായ ജി.വി.കെ കമ്പനി അധികൃതർ പറയുന്നത്. രോഗികളെ സുരക്ഷിതമായി മെഡിക്കൽ കോളേജിൽ എത്തിക്കുന്നതിന് വേണ്ടിയാണ് സ്പീഡ് ലിമിറ്റ് ഏർപ്പെടുത്തിയതെന്നാണ് കമ്പനി അധികൃതരുടെ വാദം. ആംബുലൻസുകളുടെ വേഗതയ്ക്ക് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് കമ്പനി . ഇതോടെ അത്യാഹിത ഓട്ടങ്ങൾ ഏറ്റെടുക്കാൻ ഡ്രൈവർമാർ വിസമ്മതിക്കുകയാണ്. അത്യാസന്ന നിലയിലുള്ള രോഗികളെ ആംബുലൻസുകളിൽ 80 കിലോമീറ്ററിൽ താഴെ വേഗതയിൽ കൊണ്ട് പോകുമ്പോൾ രോഗികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ബന്ധുകൾ തങ്ങളെ പഴി പറയുമെന്നാണ് ഡ്രൈവർമാർ പറയുന്നത്. ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള പാച്ചിലിൽ ആംബുലൻസുകളുടെ വേഗത പരിമിതപ്പെടുത്തുന്നത് പുനപരിശോധിക്കണമെന്നാണ് രോഗികളുടെ ആവശ്യം.
10 ആബുലൻസുകളാണ് ജില്ലയിൽ സർവീസ് നടത്തുന്നത്.
'108' വിഭാഗത്തിലുള്ള ആംബുലൻസുകളുടെ സേവനം കരുനാഗപ്പള്ളി താലൂക്കിൽ ആരംഭിച്ചത് '3' മാസങ്ങൾക്ക് മുമ്പാണ്
ഡ്രൈവർമാർക്ക് ദിവസശമ്പളം 625 രൂപ:
2 മാസമായി കുടിശിക
108 വിഭാഗത്തിൽപ്പെട്ട ആബുലൻസിലെ ഡ്രൈവർമാർക്ക് 625 രൂപയാണ് ദിവസ വേതനം. ഇതു കഴിഞ്ഞ രണ്ട് മാസമായി കുടിശ്ശികയാണ്. സ്വന്തം ജീവൻ പണയം വെച്ചാണ് ആംബുലൻസ് ഡ്രൈവർമാർ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ തയ്യാറാകുന്നത്. ഇത് ബന്ധപ്പെട്ടവർ മനസിലാക്കുന്നില്ലെന്നാണ് ഡ്രൈവർമാരുടെ പരാതി. പുതിയ ആംബുലൻസ് വാഹനങ്ങളിൽ സെൻസർ സംവിധാനമുള്ളതിനാൽ ഡ്രൈവർമാരുടെ സഹായം ഇല്ലാതെ തന്നെ മാനേജ്മെന്റിന് വാഹങ്ങളുടെ വേഗതയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കഴിയും.
3 ആംബുലൻസുകൾ
മൂന്ന് മാസങ്ങൾക്ക് മുമ്പാണ് 108 വിഭാഗത്തിലുള്ള ആംബുലൻസുകളുടെ പ്രവർത്തനം കരുനാഗപ്പള്ളി താലൂക്കിൽ ആരംഭിച്ചത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, ഓച്ചിറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, നീണ്ടകര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലായി 3 ആംബുലൻസ് വാഹനങ്ങളാണുള്ളത്. അത്യാഹിത വിഭാഗത്തിൽപ്പെടുന്ന രോഗികളുടെ ജീവൻ രക്ഷിക്കാനായി എത്രയും വേഗം അടുത്തുള്ള മെഡി. കോളേജ് ആശുപത്രികളിലോ ജില്ലാ ആശുപത്രികളിലോ എത്തിക്കാൻ ഈ ആംബുലൻസുകളെയാണ് ഉപയോഗപ്പെടുത്തുന്നത്.
സർക്കാർ നിയന്ത്രണത്തിലുള്ള 108 വിഭാഗത്തിലെ ആംബുലൻസുകൾക്ക് സ്പീഡ് ലിമിറ്റ് ഏർപ്പെടുത്തുന്നത് പുനപരിശോധിക്കണം. അത്യാസന്ന നിലയിലുള്ള രോഗികളെയും കൊണ്ട് ആംബുലൻസിൽ ഒച്ചിന്റെ വേഗതയിൽ പോയിട്ട് ഒരു കാര്യവുമില്ല. ആംബുലൻസുകൾക്ക് വേഗത്തിൽ കടന്ന് പോകാൻ എല്ലാ വാഹനങ്ങളും വഴി ഒരുക്കാറുണ്ട്. സുരക്ഷയുടെ പേരിൽ ആംബുലൻസുകൾക്ക് സ്പീഡ് ലിമിറ്റ് ഏർപ്പെടുത്തിയത് പിൻവലിക്കണം.
ആർ.ബിനു, താലൂക്ക് പ്രസിഡന്റ് , ശ്രീനാരായണ എംപ്ലോയിസ് ഫോറം, കരുനാഗപ്പള്ളി. ( വെൽവിഷർ, ഗുരുദീപം.)