maruthimala
മുട്ടറ മരുതിമല

ഓടനാവട്ടം: മുട്ടറ മരുതിമല മലക്കുട മഹോത്സവവും തീർത്ഥാടനവും വൃശ്ചികവിളക്കും നാളെ നടക്കും. മലദൈവങ്ങളെ ധ്യാനിക്കലും വാനരന്മാർക്ക് സദ്യയൊരുക്കലും വൃശ്ചികവിളക്ക് തെളിയിക്കലുമാണ് മലക്കുട മഹോത്സവത്തിന്റെ ഭാഗമായുള്ള പ്രധാന ചടങ്ങുകൾ. നാളെ രാവിലെ പ്രഭാതഭേരിയോടെ ഉത്സവത്തിന് തിരി തെളിയും. 7 മണിമുതൽ മുട്ടറ പ്രശോഭനയുടെയും വല്ലം ലതയുടെയും ഭാഗവത പാരായണം, 12ന് വാനരസദ്യയും 12.30 മുതൽ അന്നദാനവും നടക്കും. 5 ന് കെ.ഒ. ജയചന്ദ്രന്റെ പ്രഭാഷണവും 5.30 ന് ഘോഷയാത്രയും നടക്കും. 6.30 ന് നടക്കുന്ന ദീപാരാധന, ദീപക്കാഴ്ച എന്നിവയോടെ മഹോത്സവം സമാപിക്കുമെന്ന് ജനറൽ കൺവീനർ ദിലീപ് കുന്നത്ത്, പ്രസിഡന്റ് വിജയൻപിള്ള, സെക്രട്ടറി മനോജ് എന്നിവർ അറിയിച്ചു.

മുട്ടറയുടെ മരുതിമല തീർത്ഥാടനത്തിനും മലക്കുട മഹോത്സവത്തിനും വൃശ്ചിക വിളക്കിനും വാനരസദ്യക്കുമായി കാത്തിരിക്കുകയാണ് വിശ്വാസികൾ. ചുറ്റുമതിലോ കൂരയോ ഇല്ലാതെ കരിമ്പാറയിലാണ് പുണ്യക്ഷേത്രം നിലകൊള്ളുന്നത്. പണ്ട് വനവാസത്തിനെത്തിയ ശ്രീരാമന്റെ പാദമുദ്രകളെന്ന് വിശ്വസിക്കുന്ന അദ്ഭുത ദൃശ്യം ഇന്നും ഇവിടെയുണ്ട്. ഇവിടെ ഇപ്പോൾ സംരക്ഷണമേഖലയാണ്. വെളിയം പഞ്ചായത്തിലെ പ്രഥമ ഗ്രാമ ഹരിതകേന്ദ്രം കൂടിയായ ഇവിടെ വിനോദ സ‌ഞ്ചാരികളെ ആകർഷിക്കാനായി ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കി വരുകയാണ്. സഞ്ചാരികളുടെയും പ്രകൃതിസ്നേഹികളുടെയും സംരക്ഷണമാണ് മരുതിമലയ്ക്കിന്ന് ആവശ്യം. പൂർവകാല ആചാരങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട് വൃശ്ചികമാസത്തിലെ അവസാന ആഴ്ചയിലെ മലക്കുട മഹോത്സവത്തിന് തിരി തെളിക്കാൻ കാത്തിരിക്കുകയാണ് ഗ്രാമവാസികളായ വിശ്വാസികൾ.