നാല് കോടി രൂപയുടെ പദ്ധതി
കൊല്ലം: കൊട്ടിയം ചന്ത ഹൈടെക്ക് ആക്കാനുള്ള ഡി.പി.ആർ തയ്യാറാക്കൽ അന്തിമഘട്ടത്തിലെത്തി. സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതം, ബ്ലൂ റെവലൂഷൻ ഫണ്ട്, എൻ.എഫ്.ഡി.സി സഹായം എന്നിവ ഉപയോഗിച്ച് കിഫ്ബിയിൽ ഉൾപ്പെടുത്തി 4.02 കോടി രൂപ ചെലവിലാണ് ചന്ത ഹൈടെക്ക് ആക്കുന്നത്.
അടിമുടി മാറും
ചന്തയിൽ പൂർണമായും ഉന്നത നിലവാരത്തിലുള്ള തറയോടുകൾ പാകും. മത്സ്യക്കച്ചവടക്കാർക്ക് ഇരിക്കാൻ സ്റ്റീൽ കസേരകളും മത്സ്യം വിൽക്കാൻ ഇരുമ്പ് തട്ടുകളും സ്ഥാപിക്കും. തുരുമ്പ് പിടിച്ച പിച്ചാത്തികൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ എല്ലാ കച്ചവടക്കാർക്കും സ്റ്റീൽ പിച്ചാത്തികൾ നൽകും. ഓരോ കച്ചവടക്കാരന്റെയും അടുത്ത് മത്സ്യം കഴുകാൻ ടാപ്പുകളും സ്റ്റെയിൻലെസ് സ്റ്റീൽ സിങ്കുകളും സ്ഥാപിക്കും. വില്പനയ്ക്ക് വച്ചിരിക്കുന്ന മത്സ്യങ്ങളിൽ ഈച്ചയടക്കമുള്ള പ്രാണികൾ വന്നിരിക്കുന്നത് ഒഴിവാക്കാൻ ഗ്ലാസിന്റെ മേൽമൂടിയുള്ള ട്രേകളും വിതരണം ചെയ്യും. നിലവിലുള്ള കച്ചവടക്കാരുടെ എണ്ണത്തിന് ആനുപാതികമായാകും മത്സ്യക്കച്ചവടത്തിനുള്ള സൗകര്യം ഒരുക്കുക.
ഇറച്ചിസ്റ്റാളുകളിലും മത്സ്യക്കച്ചവടക്കാർക്ക് ഒരുക്കുന്നതിന് സമാനമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും. മാംസം പരസ്യമായി പ്രദർശിപ്പിക്കുന്നതും ഈച്ചയും പ്രാണികളും വന്നുപറ്റുന്നതും ഒഴിവാക്കാൻ ഗ്ലാസ് കാബിനുകൾ നിർമ്മിക്കും.
മാലിന്യ സംസ്കരണത്തിന്
ഹൈടെക് ചന്തയാക്കുന്നതിന്റെ ഭാഗമായി മത്സ്യം, പച്ചക്കറി അവശിഷ്ടങ്ങൾ സംസ്കരിക്കാൻ എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റും ശുചീകരണത്തിനായി ഉയർന്ന സമ്മർദ്ദത്തിൽ ജലം പ്രവഹിക്കുന്ന പ്രഷർ വാഷിംഗ് സംവിധാനവും സ്ഥാപിക്കും.
കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും പകർച്ചവ്യാധികൾ പടർത്തുന്ന അവസ്ഥയിലാണ് നിലവിൽ കൊട്ടിയം ചന്ത. മാലിന്യ സംസ്കരണ സംവിധാനമില്ലാത്തതിനാൽ വിറ്റുപോകാത്ത സാധനങ്ങൾ പലരും ചന്തയിൽ തന്നെ ഉപേക്ഷിച്ചാണ് മടങ്ങുന്നത്. മലിനജലം ഒഴുകാനുള്ള ചെറിയ ചാലിൽ മാലിന്യം കുന്നുകൂടി കൊതുകും ഈച്ചയും പെറ്റുപെരുകുകയാണ്.