കൊല്ലം: കാലി വളർത്തൽ ഫാമിന്റെ മറവിൽ നടത്തിയ ചാരായ വാറ്റ് കേന്ദ്രത്തിൽ നിന്ന് എക്സൈസ് സംഘം 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. പടപ്പക്കര വട്ടത്തറ ആനന്ദവിലാസം വീട്ടിൽ ബാബു സെബാസ്റ്റ്യന്റെ ഫാമിൽ നിന്നാണ് ചാരായം വാറ്റുന്ന ഉപകരണങ്ങൾ പിടിച്ചെടുത്തത്.
നാല് വശവും മതിൽകെട്ടി അതിന് മുകളിൽ തകിട് ഷീറ്റ് ഘടിപ്പിച്ച് പുറത്തുള്ളവർക്ക് അകത്ത് നടക്കുന്ന കാര്യങ്ങൾ അറിയാൻ സാധിക്കാത്ത തരത്തിലാണ് ഫാം നടത്തിയിരുന്നത്. ഇവിടെ ഇരുപത് പശുക്കളും പതിനഞ്ചോളം ആടുകളും ഉണ്ടായിരുന്നു. ആസാം സ്വദേശികളായ കുടുംബമാണ് കാലികളെ നോക്കിയിരുന്നത്. എന്നാൽ ഇവിടെ ചാരായം വാറ്റുന്നതായി ഇവർക്ക് അറിവില്ലായിരുന്നു. പുറത്തുള്ളവരുടെ സഹായത്തോടെയാണ് ചാരായം വാറ്റിയിരുന്നത്.
ഫാമിൽ ചാരായ വാറ്റ് നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. സി.ഐ ഐ. നൗഷാദ്, പ്രിവന്റീവ് ഓഫീസർ വിധുകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ദിലീപ് കുമാർ, അഖിൽ, എസ്.ആർ. അനിൽ, ദിലീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. സെബാസ്റ്റ്യനെതിരെ അബ്കാരി ആക്ട് പ്രകാരം കേസെടുത്തു.