ന്യൂഡൽഹി: ടൈറ്റാനിയം ഡൈയോക്സൈഡ് പിഗ്മെന്റിന്റെ ഇറക്കുമതി ചുങ്കം ഗണ്യമായി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ നേതൃത്വത്തിൽ കെ.എം.എം.എൽ സംയുക്ത ട്രേഡ് യൂണിയൻ ഭാരവാഹികൾ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനെ കണ്ട് ചർച്ച നടത്തി. ഒന്നര ദശാബ്ദത്തിന് മുമ്പ് ടൈറ്റാനിയം ഡൈയോക്സൈഡ് പിഗ്മെന്റിന്റെ ഇറക്കുമതി ചുങ്കം 25 ശതമാനം ആയിരുന്നു. ഉദാരവൽകരണ നയത്തിന്റെ ഭാഗമായിട്ടാണ് ഇറക്കുമതി ചുങ്കം ഗണ്യമായി കുറച്ചു കൊണ്ടുവന്നത്.
ലാഭകരമായി പ്രവർത്തിക്കുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എൽ ഗുരുതരമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇറക്കുമതി ചുങ്കം വർദ്ധിപ്പിച്ച് തദ്ദേശവ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് ചർച്ചയിൽ എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാൻ വിവിധ പാക്കേജുകൾ പ്രഖ്യാപിക്കുന്ന ഈ കാലയളവിൽ ആയിരത്തിലേറെ തൊഴിലാളികൾ പണിയെടുക്കുന്ന കെ.എം.എം.എല്ലിനെ സംരക്ഷിക്കാൻ
ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു.
വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി അനുഭാവപൂർവ്വമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പു നൽകി. ഇറക്കുമതി ചുങ്കം കുറച്ച കാലയളവ് മുതലുളള വിശദമായ റിപ്പോർട്ട് അടിയന്തരമായി നൽകാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് യോഗത്തിൽ വച്ച് നിർദ്ദേശം നൽകി.
പ്രതിനിധി സംഘത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി യോടൊപ്പം സി.ഐ.ടി.യു നേതാക്കളായ നവാസ്, ഓസ്റ്റിൻ, ഐ.എൻ.ടി.യു.സി നേതാക്കളായ ആർ.ജയകുമാർ, ശശികുമാർ, യു.ടി.യു.സി നേതാക്കളായ മനോജ് പോരൂക്കര, മുജീബ് തുടങ്ങിയർ ഉണ്ടായിരുന്നു.