photo
ഷൈല

കുണ്ടറ: പ്രവാസിയുടെ ഭാര്യയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയെ റോഡിൽ പട്ടാപ്പകൽ കുത്തിക്കൊന്നു. അയൽവാസിയായ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.

കേരളപുരത്തിനുസമീപം അഞ്ചുമുക്ക് ഉമർ കോട്ടേജിൽ ഉമ്മർ ഷെറീഫിന്റെ ഭാര്യ ഷൈലയാണ് (38, ഷാജില) മരിച്ചത്. കരിമ്പിൻകര കുന്നുംപുറത്ത് വീട്ടിൽ അനീഷാണ് (32) അറസ്റ്റിലായത്.

ഇന്നലെ രാവിലെ ഒൻപതു മണിയോടെ വീടിനോടു ചേർന്ന ഇടറോഡിലാണ് സംഭവം. ഇളയ മകളെ സ്‌കൂളിലേക്ക് ബസ് കയറ്റിവിട്ടശേഷം പാൽ വാങ്ങാനായി പുറത്തേക്കിറങ്ങിയതായിരുന്നു യുവതി. ഒളിഞ്ഞുനില്‍ക്കുകയായിരുന്ന പ്രതി പിന്നിൽനിന്നെത്തിയാണ് കുത്തിവീഴ്ത്തിയത്. അയൽ വീടിന്റെ ഗേറ്റിനുമുന്നിലാണ് കുത്തേറ്റുവീണത്. നിലവിളി കേട്ട് എത്തിയ അയൽവാസികൾ അറിയിച്ചപ്രകാരം പൊലീസ് എത്തി യുവതിയെ കേരളപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പൊലീസ് എത്തുന്നതുവരെ സംഭവസ്ഥലത്തുതന്നെ യുവാവ് നിലയുറപ്പിച്ചിരുന്നു. പിന്നീട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി.

ലഹരിപദാർത്ഥങ്ങൾക്ക് അടിമയായിരുന്ന പ്രതി യുവതിയെ നിരന്തരം ശല്യംചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്ന് കരുതുന്നു.

അനീഷ് വിവാഹിതനായിരുന്നുവെങ്കിലും മാസങ്ങൾക്കുശേഷം ഭാര്യ ഉപേക്ഷിച്ചുപോയി. അതിനുശേഷമാണ് യുവതിയെ കൂടുതൽ ശല്യം ചെയ്യാൻ തുടങ്ങിയത്.

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ഇളമ്പള്ളൂർ മുസ്ലീം ജമാ-അത്ത് ഖബർ സ്ഥാനിൽ അടക്കം ചെയ്യും. മകൻ പ്ളസ് വൺ വിദ്യാർത്ഥിയാണ്. മകൾ മൂന്നാം ക്ളാസിൽ പഠിക്കുന്നു.

റൂറൽ എസ്.പി. ഹരിശങ്കർ, ഡിവൈ.എസ്.പി. നാസറുദ്ദീൻ, കുണ്ടറ സി. ഐ രമേശ് കുമാർ, പ്രിൻസിപ്പൽ എസ്.ഐ.മാരായ വിദ്യാധിരാജ്, ഗോപകുമാർ, സയന്റിഫിക് ഓഫീസർ ഷഫീക, ഫിംഗർ പ്രിന്റ് ടെസ്റ്റർ ഇൻസ്‌പെക്ടർ സി.രഞ്ജിത് ബാബു എന്നിവരുൾപ്പെട്ട സംഘം തെളിവുകൾ ശേഖരിച്ചു.