v
പതിനൊന്നുകാരിക്ക് പീഡനം

കൊല്ലം: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവിന്റെ സുഹൃത്തും പിടിയിലായി. ശക്തികുളങ്ങര കന്നിമേൽചേരി, തേവരഴികം ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന മണികണ്ഠൻ പിള്ളയാണ് (47) പിടിയിലായത്. അയൽവാസിയായ വൃദ്ധൻ മണിയൻ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. മണികണ്ഠൻപിള്ളയുടെ അയൽവീട്ടിൽ പെൺകുട്ടിയുടെ അമ്മ സ്ഥിരമായി വീട്ടുജോലിക്ക് വരുമായിരുന്നു. ഈ സമയം ഒപ്പം വരാറുള്ള പെൺകുട്ടിയെ മണികണ്ഠൻപിള്ള വശീകരിച്ച് വീട്ടിലേക്ക് കൊണ്ടുപോയി സ്ഥിരമായി പീഡിപ്പിച്ച് വരികയായിരുന്നു. പെൺകുട്ടി സഹപാഠികൾക്ക് സ്ഥിരമായി മധുരപലഹാരങ്ങൾ വാങ്ങിനൽകുന്നത് ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപകർ കൗൺസലിംഗ് നടത്തിയപ്പോഴാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്. അയൽവാസിയായ വൃദ്ധൻ മണിയന്റെ പേരാണ് ആദ്യം വെളിപ്പെടുത്തിയത്. രക്ഷാകർത്താക്കൾ ഇല്ലാത്ത സമയം നോക്കി മധുരപലഹാരങ്ങൾ നൽകി വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് മണിയൻ പീഡിപ്പിച്ചത്.

സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള വീട്ടിലെ പെൺകുട്ടിക്ക് പ്രതി ചെറിയ തുകകൾ സമ്മാനമായി നൽകുമായിരുന്നു. ഈ തുക ഉപയോഗിച്ചാണ് സ്കൂളിലെ കൂട്ടുകാർക്കെല്ലാം മിഠായി വാങ്ങി നൽകിയിരുന്നത്. മണിയനെ രണ്ട് ദിവസം മുൻപ് അറസ്റ്റ് ചെയ്തിരുന്നു. മണികണ്ഠൻ പിള്ളയെ ഇന്നലെയാണ് പിടികൂടിയത്. വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായിട്ടുണ്ട്. ശക്തികുളങ്ങര എസ്.ഐ ബി. അനീഷ്, അഡി.എസ്.ഐ റഹീം, സീനിയർ സി.പി.ഒ ശ്രീലാൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.