പുത്തൂർ: ഭർത്തൃമാതാവിനെ കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊല്ലാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. പൊങ്ങൻപാറ വെണ്ടാർ വെൽഫയർ സ്കുളിനു സമീപം ആമ്പാടിയിൽ പുത്തൻവീട്ടിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടറായ ബിമൽ കുമാറിന്റെ ഭാര്യ ഗിരിതയാണ് (41) പിടിയിലായത്. ബിമൽ കുമാറിന്റെ അമ്മ രമണിഅമ്മയെ (66) ഗുരുതര പരിക്കുകളോടെ കൊട്ടാരക്കരയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഉച്ചയോടെ ബിമൽ കുമാറിന്റെ കുടുംബ വീട്ടിലാണ് സംഭവം. എന്താണ് ആക്രമണ കാരണമെന്ന് വ്യക്തമല്ല. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മുറിക്കുള്ളിൽ കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന രമണിഅമ്മയെ പാറക്കല്ലുകൊണ്ട് ഗിരിത തലയ്ക്ക് അടിക്കുകയാായിരുന്നു. നിലവിളികേട്ട് അയൽവാസികൾ ഒാടിയെത്തി അടുക്കളവാതിൽ ചവിട്ടിത്തുറന്നപ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന രമണി അമ്മയെയാണ് കണ്ടത്. ഇടിക്കാനുഉപയോഗിച്ച കല്ല് സംഭവസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. ഗിരിതയെ പൊലീസ് സംഭവ സ്ഥലത്തുനിന്നു തന്നെയാണ് പിടികൂടിയത്. കൊലപാതക ശ്രമത്തിന് ഗിരതയ്ക്കെതിരെ കേസെടുത്തതായി പുത്തൂർ എസ്.ഐ രതീഷ് കുമാർ പറഞ്ഞു. പ്രതി റിമാൻഡിലാണ്.