ദുരന്തങ്ങൾ തടയാനും പ്രതിരോധിക്കാനുമുള്ള ആക്ഷൻ പ്ലാൻ
അടുത്ത ഘട്ടമായി വകുപ്പുതലത്തിലും പ്രദേശികമായും ദുരന്ത ലഘൂകരണ പ്ലാൻ
കൊല്ലം: പ്രളയം അടക്കമുള്ള ദുരന്തങ്ങൾ ഉണ്ടാകുന്നത് തടയാനും, ഉണ്ടായാൽ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനുമായി ജില്ലയ്ക്ക് പുതിയ ദുരന്ത നിവാരണ പ്ലാനൊരുങ്ങുന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും സ്പിയർ ഇന്ത്യ എന്ന എൻ.ജി.ഒയുടെയും സംയുക്താഭിമുഖ്യത്തിലാണ് പ്ലാൻ തയ്യാറാക്കുന്നത്.
ദുരന്ത ലഘൂകരണം ഇങ്ങനെ:
പ്ലാനിൽ നാല് വാല്യങ്ങളുണ്ടാകും. ദുരന്തങ്ങൾ തടയാനും ആഘാതം കുറയ്ക്കാനുമുള്ള ഇടപെടലുകളാണ് ആദ്യ വാല്യത്തിൽ.
1.പ്രളയ സാദ്ധ്യതാ മേഖലകളിൽ തറ നിരപ്പിനെക്കാൾ ഉയരത്തിൽ വീടുകളുടെ നിർമ്മാണം,
2.മണ്ണിടിച്ചിൽ, കടൽകയറ്റ സാദ്ധ്യതാ മേഖലകളിൽ നിന്ന് ജനങ്ങളെ ഘട്ടംഘട്ടമായി മാറ്റിപ്പാർപ്പിക്കൽ,
3. മഴവെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്ന തരത്തിൽ ഓടകളുടെ നിർമ്മാണവും അറ്റകുറ്റപ്പണിയും, പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ദുരന്ത നിവാരണ സംഘങ്ങളുടെ രൂപീകരണം.
രക്ഷാ പ്രവർത്തനം
ദുരന്തങ്ങളുണ്ടാകുമ്പോൾ രക്ഷാപ്രവർത്തനം എങ്ങനെയാകണമെന്നാണ് മൂന്നാം വാല്യത്തിൽ. കളക്ടർ അടക്കമുള്ള ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥരും സർക്കാർ വകുപ്പുകളും സന്നദ്ധ സംഘടനകളും എന്തൊക്കെ ചുമതലകൾ നിർവഹിക്കണം, രക്ഷാപ്രവർത്തനത്തിന്റെ ഏകോപനം എന്നതടക്കമുള്ള വിവരങ്ങളുണ്ടാകും. രക്ഷാപ്രവർത്തനത്തിനുള്ള വിവിധ ഉപാധികളാണ് മൂന്നാം വാല്യത്തിൽ. ഫയർഫോഴ്സിന്റെ പക്കലുള്ള ഉപകരണങ്ങൾ, ജില്ലയിലെ വിവിധ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ, സ്വകാര്യ വ്യക്തികളുടേതടക്കമുള്ള ആംബുലൻസുകൾ പൊലീസ് സേനയിലെ അംഗങ്ങളുടെ എണ്ണം, സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ എന്നിവയുടെ സമഗ്രമായ വിവരങ്ങൾ ഉൾപ്പെടും. ഘട്ടംഘട്ടമായി വിവിധ സർക്കാർ വകുപ്പുകൾ ദുരന്തഘട്ടങ്ങളിൽ നടത്തേണ്ട ഇടപെടൽ സ്വയം തയ്യാറാക്കി പ്ലാനിനൊപ്പം ചേർക്കും.
രക്ഷാപ്രവർത്തനത്തിലെ പങ്കാളികളെക്കുറിച്ചുള്ള വിവരങ്ങളാണ് മൂന്നാം വാല്യത്തിൽ. വിവിധ സർക്കാർ വകുപ്പുകൾക്ക് പുറമെ രക്ഷാ പ്രവർത്തനത്തിന് സജ്ജരായ സന്നദ്ധ സംഘടനകളുടെ വിവരങ്ങളും ഈ വാല്യത്തിൽ ഉണ്ടാകും. ജനുവരിയിൽ പ്ലാൻ പൂർത്തിയാകും. ഇതിന് പിന്നാലെ ബോധവത്കരണവും ദുരന്ത ലഘൂകരണ പ്രകിയകളും ആരംഭിക്കും.