പത്തനാപുരം: ഗാന്ധിഭവനിലെ ജോലികഴിഞ്ഞ് വന്ന ജീവനക്കാരെയും മറ്റ് യാത്രക്കാരെയും കയറ്റാതെ കെ.എസ്.ആർ.ടി.സി ബസ് വിട്ടു പോയി. ഡ്രൈവറുടെയും കണ്ടക്ടറുടെയും നടപടിക്കെതിരെ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനും ജീവനക്കാരും പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെത്തി പ്രതിഷേധിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് സർവീസ് നടത്തുന്ന ബസാണ് നിറുത്താതെ പോയത്. ഗാന്ധിഭവന് സമീപം നാൽപത്തിയഞ്ചോളം യാത്രക്കാരുണ്ടായിട്ടും ബസ് വിട്ടു പോവുകയായിരുന്നു. ജീവനക്കാരും മറ്റ് യാത്രക്കാരും പിന്നാലെ ഓടിയിട്ടും ബസ് നിറുത്തിയില്ലെന്ന് ഗാന്ധിഭവൻ അധികൃതർ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് എ.ടി.ഒ തോമസ് അറിയിച്ചു. ബസ് കൃത്യസമയം പാലിക്കുമെന്ന എ.ടി.ഒയുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
പന്ത്രണ്ട് വർഷം മുൻപാണ് ഗാന്ധിഭവനിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചത്. രാവിലെ എട്ട് മണിക്കും വൈകിട്ട് അഞ്ചിനുമാണ് സർവീസ്. എന്നാൽ ബസ് സമയത്തിന് വരാറില്ലെന്ന ആക്ഷേപം ശക്തമാണ്. കളക്ഷൻ കുറവാണെന്ന പേരിൽ സർവീസ് നിറുത്തലാക്കാൻ ശ്രമം നടന്നിരുന്നെന്നും ഗാന്ധിഭവൻ അധികൃതർ പറയുന്നു. ഗാന്ധിഭവനിലെ നാല്പതിലധികം ജീവനക്കാർ നിത്യവും ഈ ബസിനെ ആശ്രയിക്കുന്നുണ്ട്.