കൊല്ലം:വിളകളുടെ രോഗങ്ങൾ കണ്ടെത്തി ചികിത്സ നൽകുന്ന പ്ലാന്റ് ഹെൽത്ത് ക്ലിനിക്കുകളായി സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളെയും മാറ്റുമെന്ന് മന്ത്രി വി എസ് സുനിൽ കുമാർ. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിലെ കൃഷിഭവന്റെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ ഐ. എസ്. ഒ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കാർഷിക വൃത്തിയെ ജനകീയ വത്കരിക്കുന്നതിന്റെ ഭാഗമായി കൃഷിപാഠശാലകൾ ആരംഭിക്കും. വിരമിച്ച കൃഷി ഓഫീസർമാരുടെ ഉൾപ്പെടെയുള്ളവരുടെ സേവനം കൃഷിപാഠശാലയിൽ ഉപയോഗപ്പെടുത്തും. പത്തുലക്ഷം പേർക്ക് കൃഷിയുടെ സാങ്കേതികവും പാരമ്പര്യവുമായ അറിവ് പകർന്നുകൊടുക്കാൻ കൃഷി പാഠശാലയിലൂടെ സാധിക്കും.
ബ്ലോക്കു തലത്തിൽ കാർഷിക കർമസേനയെ സജ്ജമാക്കിയതിന്റെ പ്രയോജനം ലഭ്യമായിത്തുടങ്ങി. നിലവിലുള്ള സേനക്ക് പുറമേ 200 ൽ അധികം പുതിയ കർമസേന ഉടൻ രൂപീകരിക്കും. അഗ്രി സെന്ററുകൾ ആരംഭിച്ചതിലൂടെ കാർഷിക യന്ത്രങ്ങളുടെ വിപുലീകരണം സാധ്യമാക്കി. ഇത്തരം നിരവധി പ്രവർത്തനത്തിലൂടെ കേരളത്തിൽ കാർഷിക രംഗത്ത് പുത്തൻ മുന്നേറ്റം സാധ്യമായിട്ടുണ്ട്. ആരോഗ്യ രംഗവുമായി ചേർന്ന് ആരോഗ്യത്തിന് ഗുണകരമായ കൃഷികളെ പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്. കൈമോശംവന്ന തനത് കാർഷിക വിളകളെ മലയാളികളുടെ തീൻമേശയിലേക്ക് തിരികെ കൊണ്ടുവന്ന് വിഷരഹിതവും ആരോഗ്യകരവുമായ ഭക്ഷണം ലഭ്യമാക്കുകയാണ് ലക്ഷ്യം. പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയിലൂടെ വിദ്യാർഥികളിൽ കാർഷിക അവബോധം വളർത്താൻ പദ്ധതിനടപ്പാക്കി വരുന്നതായും മന്ത്രി പറഞ്ഞു.
ജി. എസ്. ജയലാൽ എം. എൽ. എ അധ്യക്ഷത വഹിച്ചു. നൗഷാദ് എം. എൽ. എ, ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം. സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ലൈല, ജില്ലാ പഞ്ചായത്തംഗങ്ങളായ എൻ. രവീന്ദ്രൻ, സി. പി. പ്രദീപ്, ജനപ്രതിനിധികളായ നദീറ കൊച്ചസ്സൻ, ഷേർലി സ്റ്റീഫൻ, ശ്രീജാ ഹരീഷ്, തോമസ് ജേക്കബ്, ഓമന ബാബു, പഞ്ചായത്ത് സെക്രട്ടറി ബിജു സി നായർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ തേജസ്വീ ഭായ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനുൻ വാഹിദ്, കൃഷി ഓഫീസർ ജി. പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.