pravasi

കൊല്ലം: വിഷ്ണുവിന്റെ കൈപിടിച്ച് ഇറങ്ങുമ്പോൾ പൊന്നുവിന്റെ മനസിൽ നൂറ് നൂറ് സ്വപ്നങ്ങളുണ്ടായിരുന്നു. താലികെട്ടിയ ഭർത്താവിനെയും ഒന്നര വയസ് മാത്രമുള്ള മകളെയും അവൾ മന:പൂർവം മറക്കാൻ ശ്രമിച്ചു. പ്രണയത്തിന്റെ മധുരം ഉള്ളിൽ നിറച്ച ആ നെഞ്ചിലേക്ക് ചേർന്നിരിക്കാൻ കൊതിച്ചത് യാഥാർത്ഥ്യമാകുന്നതിന്റെ നിർവൃതിയോടെയാണ് അന്ന് വീട്ടിൽ നിന്ന് ഇറങ്ങിയത്.

ആരോടും പരാതിയോ പരിഭവമോ ഉണ്ടായിരുന്നില്ല. മനസിൽ മറ്റൊരാളെ ചേർത്തുവച്ചിട്ട് അടുത്ത ആഴ്ച നാട്ടിലെത്തുന്ന ഭർത്താവിനെ വഞ്ചിക്കാൻ വയ്യെന്ന തോന്നൽ. പക്വതയുള്ള ഒരാളുടെ ഒപ്പമാണ് ഇറങ്ങുന്നതെന്ന് മനസിൽ പലതവണ പറഞ്ഞുറപ്പിച്ച് സമാധാനിച്ചതാണ്. പക്ഷേ, മരണത്തിലേക്കാകുമെന്ന് അപ്പോൾ ചിന്തിച്ചിരുന്നില്ല.

കൊല്ലം കരിക്കോട് പേരൂർ കാട്ടുംപുറത്ത് വീട്ടിൽ സുരേഷ് ലാലിന്റെ മകൾ പൊന്നുവും (25) പേരൂർ രാജ്ഭവനിൽ രാജേന്ദ്രന്റെ മകൻ വിഷ്ണുരാജും (29) മംഗലാപുരത്ത് ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച വാർത്ത നാട്ടിലറിഞ്ഞപ്പോഴാണ് പ്രണയ കഥകളുടെ വിവരങ്ങൾ നാട് പൊടിപ്പും തൊങ്ങലും വച്ച് ചർച്ച ചെയ്യാൻ തുടങ്ങിയത്.

രണ്ടര വർഷം മുൻപായിരുന്നു പൊന്നുവിന്റെ വിവാഹം. അതിനും മുന്നേയുള്ള പ്രണയമാണ് വിഷ്ണുരാജിനോട്. വിഷ്ണു വിവാഹക്കാര്യം വീട്ടിൽ പറഞ്ഞതിനെ എല്ലാവരും ചേർന്ന് എതിർത്തു. പിന്നെ ആ ബന്ധം ഉപേക്ഷിക്കാൻ പ്രണയ ജോഡികൾ ഒന്നിച്ച് തീരുമാനിച്ചു. ബിടെക് ബിരുദധാരിയായ വിഷ്ണുരാജ് പിതാവിനൊപ്പം എൻജിനീയറിംഗ് വർക്ക് ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു.

കുടുംബിനിയായി അഭിനയിച്ചു

വീടിന് മുന്നിൽക്കൂടിയും വർക്ക് ഷോപ്പിന് മുന്നിൽക്കൂടിയുമൊക്കെ പൊന്നു കടന്നുപോകുമ്പോൾ കണ്ണുംകണ്ണും വീണ്ടുമുടക്കി. ഇറക്കിവിട്ട പ്രണയം വീണ്ടും അവർക്കിടയിൽ കൂടുകൂട്ടി. ഓരോ ദിനം കഴിയുംതോറും അവർ കൂടുതൽ അടുക്കുകയായിരുന്നു. ഒരു വർഷം മുൻപ് പൊന്നുവിന്റെ ഭർത്താവ് വിദേശ ജോലിക്കായി പറന്നപ്പോൾ പ്രണയ സ്വപ്നങ്ങളുടെ ചിറകുകൾ പറക്കാൻ പരുവത്തിലായി. നാട്ടിലാരും അറിയാതെയാണ് അവർ മനസുകൾകൊണ്ട് കഥകൾ പറഞ്ഞത്.

നല്ല കുടുംബിനിയായി പൊന്നു അഭിനയിക്കുകയായിരുന്നു. ഇതിനിടയിലാണ് ഭർത്താവ് നാട്ടിലേക്ക് വരാനുള്ള ഒരുക്കങ്ങൾ തുടങ്ങിയ വിവരം അറിഞ്ഞത്. വിഷ്ണുവുമായി കാര്യങ്ങൾ വിലയിരുത്തിയപ്പോൾ ഇനി ഒളിച്ചോട്ടം മാത്രമാണ് പോംവഴിയെന്ന തീരുമാനത്തിലെത്തി. ഈ മാസം ഏഴിന് വിഷ്ണുരാജുമൊത്ത് പൊന്നു വീടുവിട്ടിറങ്ങി.

യാത്രയിലുടനീളം സംസാരിച്ചത് തങ്ങൾ അടർന്നുപോകുമ്പോൾ കുടുംബത്തിനുണ്ടാകുന്ന വേദനകളായിരുന്നില്ല. നാണക്കേടിനെപ്പറ്റിയും ചിന്തിച്ചില്ല. പ്രണയാക്ഷരങ്ങളിൽ ഇന്നലെകളിൽ എഴുതിച്ചേർത്തതൊക്കെയായിരുന്നു അവരുടെ വർത്തമാനത്തിൽ നിറ‌ഞ്ഞത്. യാത്ര തുടങ്ങിയിടത്തുനിന്ന് എത്രകാതം പോയെന്നുപോലും അറിയില്ലായിരുന്നു. ഒടുവിൽ മംഗലാപുരത്തെത്തിയപ്പോഴാണ് ഇനി എന്ത് എന്ന ചിന്തവന്നത്. പിന്നെ, അവർ ഒന്നിച്ചൊരു ഉത്തരം കണ്ടെത്തി- മരണം!.

എ.ടി.എം തെളിവായി

ഈ മാസം ഏഴിനാണ് പൊന്നുവിനെ കാണാനില്ലെന്ന പരാതിയിൽ കിളികൊല്ലൂർ പൊലീസ് കേസെടുത്തത്. അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ വിഷ്ണുരാജിനൊപ്പം പോയതാണെന്ന് പൊലീസ് കണ്ടെത്തി. പൊന്നു വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും കൊണ്ടുപോയിരുന്നില്ല. ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായതിനാൽ പൊലീസ് അന്വേഷണം വഴിമുട്ടി. ഇതിനിടയിലാണ് പൊന്നുവിന്റെ ബാങ്ക് അക്കൗണ്ടിലെ തുക പ​ഴ​നി​യി​ൽ​ ​നി​ന്നും​ ​പി​ന്നീ​ട് ​മം​ഗ​ലാ​പു​ര​ത്ത് ​നി​ന്നും​ ​എ.ടി.എം വഴി പിൻവലിച്ചതിന്റെ സന്ദേശം പൊലീസിന് ലഭിച്ചത്. ബാലൻസ് തുക 2500 രൂപ മാത്രമേയുള്ളൂവെന്നും പണം തീരുമ്പോൾ അവർ മടങ്ങിയെത്തുമെന്നും പൊലീസും ബന്ധുക്കളും വിലയിരുത്തുകയും ചെയ്തു. മംഗലാപുരം പൊലീസിൽ വിവരം അറിയിച്ചു. ബുധനാഴ്ച വൈകിട്ട് ലോഡ്ജ് മുറിയിൽ നിന്ന് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത് മംഗലാപുരം പൊലീസാണ്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് ​ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന​ ​പി​താ​വ് ​മ​രി​ച്ച​തി​നെ​തു​ട​ർ​ന്ന് ​ആ​ശ്രി​ത​ ​നി​യ​മ​ന​ ​വ്യ​വ​സ്ഥ​യി​ൽ​ ​ആ​ ​ജോ​ലി​ ​പൊ​ന്നു​വി​ന് ​ല​ഭി​ച്ചി​രു​ന്നു.​ ​മം​ഗ​ലാ​പു​രം​ ​പൊ​ലീ​സി​ന്റെ​ ​ഇ​ൻ​ക്വ​സ്റ്റ് ​റി​പ്പോ​ർ​ട്ട് ​ല​ഭി​ച്ച​ശേ​ഷം​ ​കി​ളി​കൊ​ല്ലൂ​ർ​ ​പൊ​ലീ​സ് ​തു​ട​ര​ന്വേ​ഷ​ണം​ ​ന​ട​ത്തും.

ഇനി അധികം കഥകൾ വേണ്ട

പൊന്നുവിന്റെയും വിഷ്ണുരാജിന്റെയും മരണത്തോടെ നാട് ഞെട്ടലിലാണ്. തീവ്ര പ്രണയം ഇരുവരും മനസിൽ സൂക്ഷിച്ചിരുന്നകാര്യം അറിയാത്തവരാണ് അധികവും. കുറ്റപ്പെടുത്തലുകളും മറ്റും പറയുന്നുണ്ടെങ്കിലും ഇനി അധികം കഥകൾ മെനയേണ്ടെന്നാണ് പൊതുതീരുമാനം. രണ്ട് കുടുംബങ്ങളുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും എല്ലാവരും ഉൾക്കൊള്ളുകയാണ്. കിളികൊല്ലൂർ പൊലീസും ഇക്കാര്യത്തിൽ വിവാദങ്ങൾക്ക് പുറകെ ഓടേണ്ടെന്ന തീരുമാനമാനത്തിലാണ്. മിസിംഗ് കേസാണ് എടുത്തിരുന്നത്. ഇരുവരും മരണപ്പെട്ട സ്ഥിതിയ്ക്ക് കേസ് ഫയൽ അടയ്ക്കാനാണ് തീരുമാനം.