ശാസ്താംകോട്ട: രണ്ട് പതിറ്റാണ്ടിലേറെ തരിശായി കിടന്ന നിലം സ്ത്രീ കൂട്ടായ്മയുടെ ഒത്തൊരുമയിൽ പുതുജീവനിലേക്ക്. തലമുറകളെ അന്നമൂട്ടിയ മലനട വീട്ടിനാൽ ഏലായാണ് വീണ്ടും കൃഷി യോഗ്യമായിരിക്കുന്നത്. ഒന്നരമാസം മുമ്പാണ് 'തരിശ് രഹിത പോരുവഴി' പദ്ധതിയുടെ ഭാഗമായി പോരുവഴി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ ആരംഭിച്ചത്. അറുപതോളം തൊഴിലുറപ്പ് തൊഴിലാളികൾ ഏറെ പണിപ്പെട്ടാണ് തരിശുനിലം ഉഴുതു മറിച്ച് കൃഷിയോഗ്യമാക്കിയത്. ഹരിത കേരളം മിഷന്റെയും കൃഷി ഭവന്റെയും സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ മൂന്നു മാസം കൊണ്ട് വിളവെടുക്കാവുന്ന 'ഓണം' വിത്താണ് ഏഴേക്കർ പാടത്തെ കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്.
കൈകോർത്ത് കുടുംബശ്രീ
മലക്കുട മഹോത്സവം നടക്കുന്ന വെൺകുളം പാടശേഖരത്തിന് സമീപമാണ് വീട്ടിനാൽ ഏല. വെൺക്കുളം പാടശേഖരത്തിന് കിഴക്ക് വശത്തായി ചേർന്നു കിടക്കുന്ന ഈ ഏലാ സ്വകാര്യ വ്യക്തികളിൽ നിന്ന് പാട്ടത്തിനെടുത്താണ് കൃഷിയിറക്കുന്നത്. കുടുംബശ്രീയുടെ ഐശ്യര്യ, ലക്ഷ്മി എന്നീ ജെ.എൽ.ജി ഗ്രൂപ്പുകളുടെ നേതൃത്വത്തിലാണ് കൃഷി.
ഉദ്ഘാടനം 16ന്
ഗ്രീൻ ആർമി എന്ന കൂട്ടായ്മയിൽ നിന്ന് പരിശീലനം ലഭിച്ച പത്തു സ്ത്രീകളാണ് മിഷൻ ഉപയോഗിച്ച് ഞാറുകൾ നടന്നത്. 16ന് പഞ്ചായത്ത് സംഘടിപ്പിക്കുന്ന ഗ്രാമോത്സവം എന്ന പരിപാടിയിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ കർഷകർക്കൊപ്പം ഞാറ് നട്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. പരിപാടിയോടനുബന്ധിച്ച് നാടൻപാട്ടുകൾ, വൈവിദ്ധ്യമാർന്ന നൃത്തരൂപങ്ങൾ എന്നിവയും നടക്കും.
'മലക്കുട മഹോത്സവം അടുക്കുന്നതോടെ കൃഷിയുടെ വിളവെടുപ്പ് സമയമാകും. മികച്ച വിളവെടുപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ബി. ബിനീഷ്, പോരുവഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ്.