c

കൊല്ലം: കൊല്ലം പോർട്ടിൽ നങ്കൂരമിടാൻ പദ്ധതിയിട്ടിരുന്ന രണ്ട് കപ്പലുകൾ കൊച്ചിയിലേക്ക് പോകുമെന്ന് ആശങ്ക ഉയരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് എമിഗ്രേഷൻ ക്ലിയറൻസിനുള്ള അനുമതി ലഭിക്കാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം.

ശ്രീലങ്കയിൽ അറ്റകുറ്റപ്പണിക്ക് പോയിരുന്ന മുംബയ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ കൊല്ലം പോർട്ടിലെത്തിച്ച് ഇന്ത്യൻ ഫ്ലാഗാക്കാനാണ് ആലോചിച്ചിരുന്നത്. ഇതു സംബന്ധിച്ച് കൊല്ലം പോർട്ടിന് അറിയിപ്പ് നൽകിയിരുന്നു. ഇതു കൂടാതെ ഒരാഴ്ച മുൻപ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എമിഗ്രേഷൻ ക്ലിയറൻസിനുള്ള അപേക്ഷയും നൽകിയിരുന്നു. കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് ഇല്ലാത്തതിനാൽ താൽക്കാലികാടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ സിറ്റി പൊലീസ് കമ്മിഷണറാണ് എമിഗ്രേഷൻ ക്ലിയറൻസ് നൽകേണ്ടത്. എന്നാൽ ഇതിനുള്ള അപേക്ഷയിൽ ഇതുവരെ യാതൊരു നടപടിയും കൈക്കൊള്ളാത്തതാണ് ആശങ്കയ്ക്ക് കാരണം.

കപ്പലിന് ഇനി ശ്രീലങ്കയിൽ തങ്ങാനാകില്ല

അറ്റകുറ്റപ്പണി പൂർത്തിയായതിനാൽ മുംബയ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കപ്പലിന് ഇനി ശ്രീലങ്കയിലെ ഡോക്കിൽ തങ്ങാനാകില്ല. എമിഗ്രേഷനുമായി ബന്ധപ്പെട്ട പ്രശ്നം എത്രയും പെട്ടെന്ന് അധികൃതർ പരിഹരിച്ചില്ലെങ്കിൽ കപ്പൽ കൊച്ചിയിലേക്ക് പോകാനുള്ള സാദ്ധ്യത വർദ്ധിക്കും. കൊല്ലത്ത് എമിഗ്രേഷനുള്ള അനുമതി വൈകിയാൽ ഏജന്റുമാർ കപ്പൽ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്നു തന്നെയാണ് ലഭ്യമാകുന്ന വിവരം.

4 ലക്ഷം വരുമാനം

കപ്പലിന്റെ ഭാരമനുസരിച്ച് പോർട്ട് ഡ്യൂസ്, പോർട്ടിൽ തങ്ങുന്ന സമയത്തിന് ആനുപാതികമായി വാർഫേജ് ഫീസ്, ടഗ് ഉയോഗിക്കുന്നതിന്റെ വാടക എന്നിവയടക്കം മുംബയ് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ അടുപ്പിച്ചാൽ പോർട്ടിന് കുറഞ്ഞത് 4 ലക്ഷം രൂപയെങ്കിലും വരുമാനമുണ്ടാകും. കൊച്ചിയിൽ ഇതിന്റെ നാലിരിട്ടി ചെലവാകുന്നത് കൊണ്ടാണ് ഏജന്റുമാർ കൊല്ലത്തേക്ക് കപ്പൽ കൊണ്ടുവരാൻ ആലോചിച്ചത്.

ഗുജറാത്തിൽ നിന്നുള്ള കപ്പലിന്റെ വരവും തുലാസിൽ

ഭക്ഷ്യവസ്തുക്കൾ, ടൈൽസ്, ധാതുക്കൾ എന്നിവയുമായി ഗുജറാത്തിൽ നിന്ന് കൊല്ലത്തേക്കുള്ള കപ്പലിന്റെ വരവും ഇപ്പോൾ തുലാസിലാണ്. ഫ്ലാഗ് മാറ്റാനുള്ള കപ്പൽ ഈ മാസം മൂന്നാം വാരവും കാർഗോ കപ്പൽ നാലാം വാരവും എത്തിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ഒരു മാസം മുമ്പ് കൊല്ലം പോർട്ട് സന്ദർശിച്ച മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ ഗുജറാത്തിൽ നിന്നുള്ള കപ്പൽ സർവീസിനെക്കുറിച്ച് ഷിപ്പിംഗ് ഏജന്റുമാരുമായി ചർച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബറിൽ കൊല്ലം പോർട്ടിൽ കപ്പലെത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു. കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റ് ഇല്ലാത്തതാണ് ഗുജറാത്തിൽ നിന്നുള്ള കപ്പലിനും വിനയാകുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ സിറ്റി പൊലീസ് കമ്മിഷണർ എമിഗ്രേഷൻ ക്ലിയറൻസ് നൽകാത്തതാണ് കൊച്ചിയിലേക്ക് കപ്പലുകൾ പോകുമോയെന്ന ആശങ്കയ്ക്ക് കാരണം.