roa
തകർന്ന പുനലൂർ റെയിൽവേ സ്റ്റേഷൻ-ചൗക്ക റോഡ്

പുനലൂർ: ശബരിമല തീർത്ഥാടകർക്ക് വേണ്ടി പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് ആരംഭിച്ചിട്ടും തകർച്ചയിലായ റെയിൽവേ സ്റ്റേഷൻ -ചൗക്ക റോഡ് പുനരുദ്ധരിക്കാൻ നടപടിയില്ല. കഴിഞ്ഞ പത്ത് വർഷമായി തകർന്ന് കിടക്കുന്ന റോഡിനോട് അധികൃതർ ചിറ്റമ്മനയം കൈക്കൊള്ളുന്നതിൽ പ്രതിഷേധം ശക്തമാണ്. മൂന്ന് വർഷം മുമ്പ് റെയിൽവേ മീറ്റർ ഗേജ് പാത ബ്രോഡ്ഗേജ് പാതയാക്കി മാറ്റിയതോടെ ഈ റോഡിലൂടെയുള്ള വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചു. ഇതും അധികൃതരുടെ പരിഗണനയിൽ ഇല്ലെന്നാണ് യാത്രക്കാരുടെ ആരോപണം.

തിരുനെൽവേലി-പാലരുവി, പുനലൂർ-ഗുരുവായൂർ, എറണാകുളം-വേളാങ്കണ്ണി എക്പ്രസുകളും പാസഞ്ചർ ട്രെയിനുകളും പുനലൂർ റെയിൽവേ സ്റ്റേഷനിലൂടെ കടന്നുപോകുന്നുണ്ട്. ഇവിടേക്കുള്ള പ്രധാനപാതയാണ് മെറ്റൽ ഇളകി കുണ്ടും കുഴിയുമായി കിടക്കുന്നത്. പുനലൂരിലും സമീപപ്രദേശങ്ങളിലെയും എല്ലാ റോഡുകളും ഇതിനിടെ നവീകരിച്ചിരുന്നു. എന്നാൽ റെയിൽവേ സ്റ്റേഷൻ റോഡാകട്ടെ യാത്രക്കാരുടെ നടുവൊടിക്കുകയാണ്. ഇരുചക്രവാഹനങ്ങളും കാൽനട യാത്രികരുമാണ് റോഡിന്റെ ശോച്യാവസ്ഥ കാരണം ഏറെ ദുരിതം അനുഭവിക്കുന്നത്. പാതയുടെ രണ്ട് വശങ്ങളിലും കാട് വളർന്നതും കാൽനടയാത്രികരെ വലയ്ക്കുന്നു

പരിസരത്ത് നിരവധി സ്ഥാപനങ്ങൾ

റെയിൽവേ സ്റ്റേഷന് പുറമേ പുനലൂർ റെയിൽവേ പൊലീസ് സ്റ്റേഷൻ, വെയർ ഹൗസ് ഗോഡൗൺ, ബിവറേജസ് കോർപ്പറേഷന്റെ ചില്ലറ വിൽപ്പനശാല അടക്കമുളള നിരവധി സ്ഥാപനങ്ങളിലേക്ക് പോകുന്നതും ഈ റോഡുവഴിയാണ്. വെയർ ഹൗസ് ഗോഡൗണിലു വിദേശമദ്യ ശാലയിലും ലോഡുകളുമായി എത്തുന്ന ലോറികളും ദുരിത്തത്തിന് നടുവിലാണ്.

അയ്യപ്പൻമാരോടും പരിഗണനയില്ല

തമിഴ്നാട്ടിൽ നിന്ന് ശബരിമല ദർശനത്തിന് ട്രെയിനിൽ പുനലൂർ സ്റ്റേഷനിൽ എത്തുന്ന തീർത്ഥാടകർ കെ.എസ്.ആർ.ടിസി ബസിലാണ് പമ്പയിലെത്തുന്നത്. ഇവർക്കുള്ള ആശ്രയവും ഈ റോഡാണ്. ഇതിന്റെ ഭാഗമായി മൂന്ന് സർവീസുകളാണ് ഇവിടെ നിന്ന് ആരംഭിക്കുന്നത്. ഇതിനോടൊപ്പം ട്രെയിൻ യാത്രക്കാരായി എത്തുന്ന വിദേശികൾ അടക്കം നൂറ് കണക്കിന് ആളുകളുടെ വാഹനങ്ങൾക്കും ഈ ദുരിതവഴി താണ്ടണം.