കൊല്ലം: കൊല്ലം ബീച്ച് കൂടുതൽ സൗന്ദര്യവൽക്കരിക്കുന്നതിനൊപ്പം സുരക്ഷിതവുമാക്കാൻ വിശദ പഠനവുമായി തീരദേശ വികസന കോർപ്പറേഷൻ. മദ്രാസ് ഐ.ഐ.ടിയുടെ സഹകരണത്തോടെയാണ് കൊല്ലം ബീച്ച് അപായ രഹിതമാക്കാനുള്ള പഠനം നടത്തുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇവിടെ തിരയിൽപ്പെട്ട് മരിച്ചത് 57 പേരാണെന്നത് ഞെട്ടലുണ്ടാക്കുന്ന വസ്തുതയാണ്. ഈ സാഹചര്യത്തിലാണ് തീരദേശ വികസന കോർപ്പറേഷൻ പഠനം നടത്തുന്നത്. പഠനത്തിന് മുന്നോടിയായി ചെന്നൈ ഐ.ഐ.ടിയിൽ നിന്നുള്ള വിദഗ്ദ്ധ സംഘം മാസങ്ങൾക്ക് മുൻപ് കൊല്ലം ബീച്ചിൽ സന്ദർശനം നടത്തിയിരുന്നു. പഠനം സംബന്ധിച്ച പ്രാഥമിക രേഖ അനുമതിക്കായി ടൂറിസം വകുപ്പിന് സമർപ്പിച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാൽ ആറ് ആഴ്ചയ്ക്കുള്ളിൽ പ്രാഥമിക പഠനം പൂർത്തിയാക്കും.
കൃത്രിമ ചിറ
ബീച്ചിൽ എത്തുന്നവർക്ക് ഉല്ലസിക്കാൻ കൃത്രിമ ചിറ നിർമ്മിക്കുന്നതിന്റെ സാദ്ധ്യതകളും പഠനത്തിൽ വിലയിരുത്തും. കടൽ ജലം ഒഴുകിയെത്തുന്നതിനൊപ്പം തന്നെ പുറത്തേക്കുമൊഴുകി മാലിന്യം തളം കെട്ടാത്ത തരത്തിലുള്ള നിർമ്മാണമാണ് ആലോചനയിലുള്ളത്. തിരയിലേക്ക് കൂടുതൽ ആളുകൾ ഇറങ്ങുന്നത് പരമാവധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിറ നിർമ്മിക്കുന്നത്.
4 മീറ്റർ ആഴം: അകപടം
കൊല്ലം ബീച്ചിലെ മണൽപ്പരപ്പ് കഴിഞ്ഞ് തിരയടിക്കുന്ന ഭാഗത്ത് തന്നെ നാല് മീറ്ററോളം ആഴമുണ്ട്. അവധി ദിവസങ്ങളിൽ ബീച്ചിലെത്തുന്ന ആയിരക്കണക്കിന് പേരെ നിരീക്ഷിച്ച് സുരക്ഷാ നിർദ്ദേശങ്ങൾ നൽകുക എന്നത് പ്രായോഗികമല്ല. അതുകൊണ്ടുതന്നെ തിരയിൽപ്പെട്ടാൽ രക്ഷപ്പെടുക വളരെ പ്രയാസമാണ്.
ഏഴ് വർഷത്തിനിടെ തിരയിൽപ്പെട്ട് മരണമടഞ്ഞത് 57 പേർ
ശാസ്ത്രീയ പഠനം
ബീച്ചിൽ തിരയുടെ ശക്തി കുറയ്ക്കുന്നതിനുള്ള മാർഗങ്ങളാകും പഠനത്തിൽ പ്രധാനമായും കണ്ടെത്തുക.
ബീച്ചിലെ ആഴം കുറയ്ക്കാൻ മണൽത്തിട്ട സൃഷ്ടിക്കൽ, തീരത്തേയ്ക്ക് വരുന്ന തിരയെ തടുത്ത് ശക്തി കുറയ്ക്കാൻ സ്വീകരിക്കാവുന്ന മാർഗങ്ങൾ തുടങ്ങിയവ ശാസ്ത്രീയ പഠനത്തിലൂടെ കണ്ടെത്തും. ഓരോ കാലത്തും ഉണ്ടാകുന്ന തിരയുടെ ശക്തിയും മണ്ണൊലിപ്പും നിരന്തരം നിരീക്ഷിച്ചാകും അന്തിമ നിഗമനത്തിലെത്തുക.