കൊല്ലം: സവാളയുടെ പൊള്ളുന്ന വില നിയന്ത്രിക്കാൻ ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ ഇടപെട്ട് കോഴിക്കോട് മാർക്കറ്റിൽ നിന്നും വിലപേശി 98 രൂപയ്ക്ക് ഗുണനിലവാരമുള്ള പൂന സവാള വാങ്ങി കൊല്ലത്ത് എത്തിച്ചു.
കയറ്റിറക്ക് കൂലിയും ലോറിക്കൂലിയും ചേർത്ത് 104 രൂപയ്ക്ക് ഇന്ന് മുതൽ സപ്ലൈകോ ഔട്ട്ലെറ്റുകളും മാവേലി സ്റ്റോറുകളും വഴി വില്പന നടത്തും.
വരും ദിവസങ്ങളിൽ പൊതുവിപണയിലെ വില നിരീക്ഷിച്ചശേഷം വീണ്ടും കോഴിക്കോട് നിന്നും സവാളയിറക്കാനും ആലോചനയുണ്ട്. പൊതുവിപണിയിൽ സവാള വില 140 ലേക്ക് ഉയർന്ന ഘട്ടത്തിലാണ് കളക്ടറുടെ നേതൃത്വത്തിൽ കുറഞ്ഞ വിലയ്ക്ക് സവാള ലഭ്യമാക്കാനുള്ള ശ്രമം തുടങ്ങിയത്. കൊല്ലത്തെയും കൊട്ടാരക്കാരയിലെയും മൊത്ത വിപണക്കാരെ കുറഞ്ഞ വിലയ്ക്ക് സവാള ആവശ്യപ്പെട്ട് സമീപിച്ചെങ്കിലും തയ്യാറായില്ല. ഇതേ തുടർന്നാണ് കളക്ടറുടെ നിർദ്ദേശ പ്രകാരം കോഴിക്കോട്ടെ മൊത്തക്കച്ചവടക്കാരെ സമീപിച്ചത്.
സപ്ലൈകോയുടെ ഡിപ്പോ പർച്ചെയ്സ് ചട്ടങ്ങൾ പ്രകാരം പരിമിതമായ സമയത്തിനുള്ളിൽ ടെണ്ടർ നടപടികൾ പൂർത്തിയാക്കിയാണ് സവാള വാങ്ങിയത്. പൊതുവിപണിയിലെ വില താഴ്ന്നില്ലെങ്കിൽ സമാനമായ രീതിയിൽ കൊച്ചുള്ളിയും വാങ്ങാൻ ആലോചനയുണ്ട്.
വില്പനയ്ക്ക് എത്തിച്ചത്
വാങ്ങിയത് : 5730 കിലോ
മാവേലി സ്റ്റോറുകളിൽ: രണ്ട് ചാക്ക് വീതം
സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ: അഞ്ച് ചാക്ക് വീതം
വില ഇടിഞ്ഞു തുടങ്ങി
പൊതുവിപണിയിൽ സവാള വില ഇടിഞ്ഞു തുടങ്ങിയിട്ടുണ്ട്. മൂന്ന് ദിവസം മുൻപ് 140 രൂപയായിരുന്നു പുന സവാളയുടെ വില. ഇന്നലെ 130ലേക്ക് ഇടിഞ്ഞു. തമിഴ്നാട്ടിൽ നിന്നും മൈസൂരിൽ നിന്നുമുള്ള സവാളയെത്തിയതോടെയാണ് വില ഇടിയാൻ കാരണം. തമിഴ്നാട് സവാള 80നും മൈസൂർ സവാള 90 രൂപയ്ക്കുമാണ് വിൽക്കുന്നത്.
രണ്ടാഴ്ചയ്ക്കുള്ളിൽ പൂനെയിൽ പുതുതായി വിളവെടുത്ത സവാളയെത്തുന്നതോടെ വില 50 രൂപയിൽ താഴെയാകുമെന്നും സൂചനയുണ്ട്.
സവാള വില
രണ്ട് മാസം മുമ്പ് : 65
ഒരാഴ്ച മുമ്പ്: 140
ഇന്നലെ :130