കൊല്ലം: ഗാന്ധിജിയിൽ നിന്ന് മാർക്സിലേക്കുള്ള ദൂരം കുറവാണെന്നും ഗാന്ധിജിയും മാർക്സും ഒന്നിച്ചു നയിക്കുന്ന ഭാരതം നിലവിൽ വരുമെന്നും കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തോടനുബന്ധിച്ച് സീനിയർ ജേർണലിസ്റ്റ് യൂണിയൻ, കേരളാ സ്റ്റേറ്റ് പെൻഷണേഴ്‌സ് യൂണിയൻ, കാമ്പിശ്ശേരി കരുണാകരൻ ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'ഗാന്ധിജിയും ദേശീയതയും' എന്ന വിഷയത്തിൽ ലൈബ്രറി ഹാളിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫാസിസത്തിനെ പ്രതിരോധിക്കാൻ ഇന്ത്യയിലെ കോൺഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും മാവോയിസ്റ്റുകളും നക്സലൈറ്റുകളും ഒന്നിച്ചാൽ ഒരു കുഴപ്പവുമില്ല. ഇന്ത്യയിൽ ഓരോനിമിഷവും വെടിവച്ചുവീഴ്ത്തപ്പെടുന്ന ഒരു വലിയ പ്രാർത്ഥനയാണ് ഇന്ന് ഗാന്ധി. വിഭജനത്തിന്റെ രക്തം വാർന്നൊലിക്കുന്ന കാലത്താണ് ഇന്ത്യൻ ഭരണഘടന രൂപീകരിച്ചത്. അപ്പോഴും അതിന്റെ ശിൽപ്പികൾ ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കാൻ ശ്രമിച്ചിരുന്നില്ലെന്നും ആലങ്കോട് ലീലാകൃഷ്ണൻ വ്യക്തമാക്കി. ഇതോടനുബന്ധിച്ചു നടന്ന മഹാത്മാ ക്വിസിൽ കൊല്ലം ടി. കെ എം എൻജിനിയറിംഗ് കോളജിലെ ശരത് വി.ആർ. ഒന്നാം സ്ഥാനം നേടി. ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ഗോകുൽ എം.എസ്. രണ്ടാം സ്ഥാനവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിഷ്ണു മഹേഷ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ആലങ്കോട് ലീലാകൃഷ്ണൻ കാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. പ്രമുഖ ആർക്കിടെക്ട് ശിവകുമാർ ക്വിസ് മാസ്റ്ററായി. ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ പി. ചന്ദ്രശേഖരൻ പിള്ള അദ്ധ്യക്ഷനായിരുന്നു. പി.എസ് സുരേഷ് സ്വാഗതം പറഞ്ഞു. വി.എസ് ജനാർദ്ദനൻ ഉണ്ണിത്താൻ, കെ.രാജൻ ബാബു, എസ്.അശോക് കുമാർ എന്നിവർ സംസാരിച്ചു. കെ.രാജേന്ദ്രൻ നന്ദി പറഞ്ഞു.