ponnu
പൊന്നു

കൊല്ലം: പേരൂരിൽ നിന്ന് കാണാതായ വിവാഹിതയായ യുവതിയെയും യുവാവിനെയും മംഗലാപുരത്ത് ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരൂർ ക്ഷേത്രത്തിന് സമീപം കാട്ടുമ്പുറത്ത് വീട്ടിൽ പരേതനായ സുരേഷ് ലാലിന്റെ മകൾ പൊന്നു (25), പേരൂർ താഹമുക്ക് രാജ് ഭവനിൽ വിശ്വലേഖയുടെ മകൻ വിഷ്ണുരാജ് (29) എന്നിവരാണ് മരിച്ചത്. പൊന്നുവിന് ഒന്നര വയസുള്ള പെൺകുട്ടിയുണ്ട്. ഭർത്താവ് വിദേശത്താണ്.എൻജിനിയറിംഗ് ബിരുദധാരിയാണ് വിഷ്ണുരാജ്. ഈ മാസം 7ന് പൊന്നുവിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ കിളികൊല്ലൂർ സ്റ്റേഷനിലെത്തിയിരുന്നു. തൊട്ടുപിന്നാലെ വിഷ്ണുരാജിനെ കാണാനില്ലെന്ന പരാതി ലഭിച്ചു. പൊന്നുവിനെ കാണാനില്ലെന്ന പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് വിഷ്ണുരാജിന്റെ ബന്ധുക്കളോട് പറഞ്ഞു. ഇരുവരും തമ്മിൽ അടുപ്പമുണ്ടെന്ന് അറിഞ്ഞ് താക്കീത് നൽകിയിരുന്നതായി വിഷ്ണുരാജിന്റെ ബന്ധുക്കൾ പറഞ്ഞു. ഇരുവരും ഒരുമിച്ച് നാടുവിട്ടതാണെന്ന് സ്ഥിരീകരിച്ച പൊലീസ് മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും സ്വിച്ച് ഓഫായതിനാൽ കണ്ടെത്തനായില്ല. പൊന്നുവിന്റെ ബാങ്ക് അക്കൗണ്ട് നിരീക്ഷിച്ച് നടത്തിയ അന്വേഷണത്തിൽ പഴനിയിൽ നിന്നും പിന്നീട് മംഗലാപുരത്ത് നിന്നും പണം പിൻവലിച്ചതായി കണ്ടെത്തി. ഇരുവരെയും തേടി കിളികൊല്ലൂർ പൊലീസ് ഇന്നലെ മംഗലാപുരത്തേക്ക് പോകാനിരിക്കെയാണ് ബുധനാഴ്ച രാത്രി 12 മണിയോടെ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം മംഗലാപുരം പൊലീസ് അറിയിച്ചത്. കൺസ്യൂമർഫെഡ് ജീവനക്കാരനായിരുന്ന പിതാവ് മരിച്ചതിനെ തുടർന്ന് ആശ്രിത നിയമന വ്യവസ്ഥയിൽ ആ ജോലി പൊന്നുവിന് ലഭിച്ചിരുന്നു. മംഗലാപുരം പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് ലഭിച്ചശേഷം കിളികൊല്ലൂർ പൊലീസ് തുടരന്വേഷണം നടത്തും.