pukasa
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊല്ലത്ത് നടന്ന സെമിനാർ പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പൗരത്വ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുന്നേ തടയേണ്ടതായിരുന്നുവെന്ന് മുൻ എം.പി പി.രാജീവ് അഭിപ്രായപ്പെട്ടു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കനത്ത ആഘാതമാണ് പൗരത്വ ബില്ല് പാസ്സായതോടെ സംഭവിച്ചത്. ഗാന്ധി വധവും ബാബ്റി മസ്ജിദ് തകർത്ത സംഭവവും നടന്നതിനേക്കാൾ ആഘാതമാണിതെന്ന് പറയുന്നതിൽ തെറ്റില്ല. പൗരത്വ ഭേദഗതി ബില്ലിനെ സി.പി.എം എതിർക്കുന്നുണ്ടായിരുന്നില്ല. ഭേദഗതി വേണമോ വേണ്ടയോ എന്നതിലുമല്ല തർക്കം. ഭേദഗതി ചെയ്യുന്നതിന്റെ രീതിയും അടിസ്ഥാനവുമാണ് എതിർക്കേണ്ടത്. രാജ്യത്തിന്റെ മതനിരപേക്ഷതയെ പൂർണ്ണമായും തകർക്കുന്ന നീക്കമാണ് ഈ ബില്ലിലൂടെ സംഭവിക്കുന്നത്. എല്ലാ വിഭാഗത്തിനും തുല്യതയോടെ ഇവിടെ ജീവിക്കാൻ കഴിയണം. ജനാധിപത്യം ദുർബലപ്പെടുന്നതിനെതിരെയുള്ള എതിർപ്പും പ്രതിരോധവും വിശാല തലത്തിൽ ഉണ്ടാകണം. ഭരണഘടനാ ഭേദഗതി നിസാരമായി നടത്താൻ കഴിയില്ല. കാശ്മീർ പ്രശ്നത്തിലും ഇതാണ് സംഭവിച്ചത്. കാശ്മീർ പ്രശ്നത്തിൽ വലിയ നുണപ്രചരണമാണ് കേന്ദ്ര സർക്കാരും അവരുടെ പാർട്ടികളും നടത്തുന്നത്. വസ്തുതയും അവർ പ്രചരിപ്പിക്കുന്ന നുണയും തമ്മിൽ വലിയ അന്തരമുണ്ട്. രാജ്യത്തിന്റെ മതനിരപേക്ഷതയെ നശിപ്പിക്കുമ്പോൾ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളെ സർക്കാർ മറക്കുകയാണെന്നും പി.രാജീവ് ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർ.രാമചന്ദ്രൻ എം.എൽ.എ, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ കെ.വരദരാജൻ, പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ഡി.സുരേഷ് കുമാർ, ബീനാസജീവ്, കെ.പി.സജിനാഥ്, എക്സ്.ഏണസ്റ്റ്, മോഹനചന്ദ്രൻ,സബീബുള്ള എന്നിവർ സംസാരിച്ചു. സെമിനാറിന് മുന്നോടിയായി കവിയരങ്ങ് ഉണ്ടായിരുന്നു. ഇന്ന് ച്ചയ്ക്ക് 2ന് ബി.വസന്തകുമാരിയുടെ ചിത്ര പ്രദർശനം, വൈകിട്ട് 4.30ന് ഹ്രസ്വ ചിത്ര പ്രദർശനവും സർഗ്ഗോത്സവവും നടക്കും. നാളെ രാവിലെ 10ന് കൊല്ലം സുമംഗലി ആഡിറ്റോറിയത്തിലാണ് പ്രതിനിധി സമ്മേളനം.