പത്തനാപുരം : രോഗങ്ങൾ ഒന്നിനു പുറകേ ഒന്നായി വേട്ടയാടുന്ന തലവൂർ അമ്പലനിലപ്പ് വിശറിയിൽ വടക്കേക്കര അനിൽ കുമാറിന് ജീവിതം മുന്നോട്ടു നയിക്കാൻ സുമനസ്സുകളുടെ സഹായം കൂടിയേ തീരൂ.പതിനൊന്നു വർഷമായി ചികിത്സയിലായ അനിൽ കുമാറിനെ ഇപ്പോൾ വൃക്കരോഗമാണ് അലട്ടുന്നത്. പട്ടാഴി കന്നിമേൽ ഇരുപ്പാക്കുഴി പനത്തോട്ടത്ത് വാടകയ്ക്കാണ് ഇപ്പോൾ താമസം.
കേരളത്തിന് പുറത്ത് ഒരു കമ്പനിയിൽ ഡ്രൈവറായിരുന്നു. 2007 മുതലാണ് രോഗങ്ങൾ പിടിമുറുക്കിയത്. അതോടെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. നാട്ടിലെത്തിയിട്ടും വണ്ടി ഓടിക്കാൻ പോയി. പക്ഷാഘാതം വന്നതോടെ ആ വഴിയും അടഞ്ഞു. വലതുവശം ഭാഗികമായി തളർന്നു. ഒരുവിധം ഭേദമായപ്പോൾ ഓട്ടോ ഓടിച്ചു നിത്യചെലവിനുള്ള തുക കണ്ടെത്തി. പക്ഷേ, കൂടുതൽ നാൾ തുടരാനായില്ല. പ്രമേഹം കാരണം കാഴ്ച മങ്ങിയതോടെ ഓട്ടോ ഓടിക്കാനും കഴിയാതായി. പിന്നാലെ പിടികൂടിയത് തൈറോയിഡിന്റെ അസുഖമാണ്.
നാലു വർഷം മുമ്പ് പലവട്ടം ഹൃദയാഘാതം ഉണ്ടായതോടെ പൂർണ്ണമായും കിടപ്പിലായി. അതോടെ അനിൽകുമാറും ഭാര്യയും അന്നത്തിനുപോലും വകയില്ലാതെ വലഞ്ഞു. മൂന്നു വർഷം മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ വൃക്കകൾ തകരാറിലാണെന്ന് കണ്ടെത്തി. വായ്പാ തവണ മുടങ്ങിയതോടെ ഓട്ടോ റിക്ഷ കമ്പനിക്കാർ കൊണ്ടുപോയി. ചികിത്സയ്ക്കായി കിടപ്പാടവും പണയത്തിലായി.
ചികിത്സയ്ക്കായി ഇപ്പോൾ പ്രതിമാസം മുപ്പതിനായിരം രൂപ വേണം. സുമനസ്സുകൾ കനിഞ്ഞാലേ ചികിത്സ തുടരാനാവൂ.
സിൻഡിക്കേറ്റ് ബാങ്കിന്റെ കൊട്ടാരക്കര ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ : 45072250004016
ഐ.എഫ്. എസ്. സി കോഡ് : SYNB0004507