kscdc-factory
കാഷ്യു കോർപ്പറേഷന്റെ കൊല്ലം പാൽക്കുളങ്ങര ഫാക്റ്ററിക്ക് മുന്നിൽ നടക്കുന്ന സമരം

കൊല്ലം: കശുവണ്ടി വികസന കോർപ്പറേഷനു കീഴിലുള്ള മുപ്പത് ഫാക്ടറികളിലെയും ഗ്രേഡിംഗ് വിഭാഗം തൊഴിലാളികൾ ജോലിഭാരം വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് പണിമുടക്ക് ആരംഭിച്ചു. മറ്റു വിഭാഗം തൊഴിലാളികൾ കൂടി ഇവർക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ഫാക്ടറികളുടെ പ്രവർത്തനം സ്തംഭിച്ച നിലയിലാണ്. തൊഴിലാളികൾ ഫാക്ടറിയിൽ എത്തുന്നെങ്കിലും ജോലി ബഹിഷ്ക്കരിച്ച് സമരം ആരംഭിക്കുകയായിരുന്നു.

ഒരു ദിവസം ഒരു തൊഴിലാളി തരംതിരിക്കാനുള്ള കശുഅണ്ടി പരിപ്പിന്റെ അളവ് 80 കിലോയിൽ നിന്ന് 100 കിലോയാക്കിയതിൽ പ്രതിഷേധിച്ചാണ് സമരം. ഒരു ജോലി ഒരു ദിവസം കൊണ്ട് തീരുന്നില്ല. പല ഫാക്ടറികളിലും രാത്രിയും സമരം നടക്കുകയാണ്

കോർപ്പറേഷൻ തീരുമാനത്തിൽ പ്രതിഷേധിച്ച് തൊഴിലാളികൾ സമര രംഗത്തേക്ക് ഇറങ്ങിയതോടെ സി.ഐ.ടി.യു, ഐ.എൻ.റ്റി.യു.സി, യു.റ്റി.യു.സി, എ.ഐ.റ്റി.യു .സി, തുടങ്ങിയുള്ള വിവിധ യൂണിയനുകളുടെ നേതൃത്വത്തിൽ സംയുക്തമായി സമരം ഏറ്റെടുത്തിരിക്കുകയാണ്. ഭരണിക്കാവ് കാഷ്യു ഫാക്ടറിയിൽ സമരം നാലു ദിവസം പിന്നിട്ടിട്ടും അധികാരികൾ ചർച്ചയ്ക്കു പോലും തയ്യാറായിട്ടില്ല. വർക്ക് ലോഡ് വർദ്ധിപ്പിക്കണമെന്ന തീരുമാനത്തിൽ നിന്ന് കോർപ്പറേഷൻ പിന്മാറുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്ന് ഐ.എൻ.ടി.യു.സി മുൻ ജില്ലാ സെക്രട്ടറി കടകംപള്ളി മനോജ്, വിവിധ യൂണിയൻ നേതാക്കളായ ബേബി ജോൺ, ഷാനവാസ്, കുന്നത്തൂർ ഗോവിന്ദൻ,പൊടിയൻ എന്നിവർ അറിയിച്ചു.

കാഷ്യൂ കോർപ്പറേഷൻ

ഫാക്ടറികൾ : 30

തൊഴിലാളികൾ : 14000

ഗ്രേഡിംഗ് തൊഴിലാളികൾ: 3000 ( ഏകദേശം)

ഗ്രേഡിംഗ് കൂലി

ഒരു ജോലിക്ക് : 280 രൂപ.

തരംതിരിക്കുന്നത് : 80 കി.ഗ്രാം പരിപ്പ്

സമരത്തിന് കാരണം

1.തരംതിരിക്കൽ 80 കിലോഗ്രാമിൽ നിന്ന് 100 കിലോ ഗ്രാമാക്കി. ഒരു ദിവസംകൊണ്ട് ഈ ജോലി തീർക്കാനാവുന്നില്ല.

2. ഒരു ജോലിക്ക് ഒരു ഹാജർ എന്നതിനാൽ ഗ്രേഡിംഗ് വിഭാഗത്തിലെ തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യം ലഭിക്കുന്നില്ല.

3. ഇ.എസ്.ഐ ആനുകൂല്യം ലഭിക്കാൻ 6 മാസത്തിൽ 75 ഹാജർ വേണം

4. ഹാജർ 3650 എണ്ണം തികഞ്ഞാലേ പി.എഫ് പെൻഷൻ ലഭിക്കൂ.

5. പുതിയ പരിഷ്ക്കാരത്തിലൂടെ തൊഴിലാളികൾ ഈ ആനുകൂല്യങ്ങളിൽ നിന്ന് എന്നേക്കുമായി പുറത്താകും.

6. കൂലി വെട്ടിക്കുറയ്ക്കുകയാണ് യഥാർത്ഥത്തിൽ ചെയ്തതെന്ന് തൊഴിലാളികളുടെ വാദം. രണ്ടുദിവസം ജോലി ചെയ്താലേ 280 രൂപ കൂലി ലഭിയ്ക്കുകയുള്ളു.