കൊല്ലം : ഭിന്നശേഷി സൗഹൃദ കേരളം കാമ്പയിന്റെ ഭാഗമായി വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജിയിൽ നടന്ന സെമിനാർ എസ്.ബി.ഐ ഉദ്യോഗസ്ഥനായ എസ്. ദേവേഷ് മഹാദേവൻ ഉദ്‌ഘാടനം ചെയ്തു.
രാജ്യത്തെ എല്ലാവരെയും പോലെ ഭിന്നശേഷി വിഭാഗത്തിനും ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളായ അവസര സമത്വം, സ്വാതന്ത്ര്യം, ചൂഷണത്തിൽ നിന്നുള്ള സ്വാതന്ത്ര്യം, വിവേചന രാഹിത്യം, സ്വീകാര്യത, ബഹുമാനം എന്നിവ ലഭിക്കാനായി നിലകൊള്ളുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. ദേവേഷ് മഹാദേവൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ദേവേഷിനെയും പിതാവ് സജിത് കുമാറിനെയും പൊന്നാട അണിയിച്ച് പ്രിൻസിപ്പൽ ഡോ. സി. അനിതാ ശങ്കർ ആദരിച്ചു. കൊമേഴ്‌സ് വിഭാഗം വകുപ്പ് മേധാവി ഡോ. ആനന്ദൻ , എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രജനീഷ് രവി, കോളേജ് യൂണിയൻ ചെയർമാൻ നികേത് എസ്. ഹരൻ തുടങ്ങിയവർ സംസാരിച്ചു.